ലോകോത്തര താരങ്ങൾ, അവരെക്കുറിച്ചാലോചിക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നുവെന്ന് എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ അർജന്റീന ടൂർണമെന്റിൽ കിരീടം നിലനിർത്താനുള്ള തുടക്കം ഗംഭീരമാക്കി. കാനഡക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ലയണൽ മെസി ഗോളൊന്നും നേടിയില്ലെങ്കിലും രണ്ടു ഗോളുകൾക്കു പിന്നിലും നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ സ്‌ട്രൈക്കർ അൽവാരസ് ആദ്യത്തെ ഗോൾ നേടിയപ്പോൾ താരത്തിന് പകരക്കാരനായി ഇറങ്ങിയ ലൗടാരോ മാർട്ടിനസ് രണ്ടാമത്തെ ഗോളും സ്വന്തമാക്കി. മത്സരത്തിന് ശേഷം ഈ രണ്ടു സ്‌ട്രൈക്കർമാരെയും പ്രശംസിച്ച് ഗോൾകീപ്പർ എമി സംസാരിച്ചിരുന്നു. രണ്ടു തരത്തിൽ ഇവർ അർജന്റീനക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് എമി പറഞ്ഞു.

“ഞങ്ങൾക്ക് ലോകോത്തര നിലവാരമുള്ള ഫോർവേഡ് താരങ്ങളുണ്ട്. ലൗടാരോയും അൽവാറസും ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ഫോർവേഡുകളിൽ ഒന്നാണ്. ലൗടാരോ കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തി, അൽവാരസ് ക്ഷീണമില്ലാതെ ഓടിക്കൊണ്ടേയിരുന്നു. രണ്ടു താരങ്ങളെക്കുറിച്ചും ഞങ്ങൾ അഭിമാനിക്കുന്നു.” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

പല ടീമുകളും മികച്ച സ്‌ട്രൈക്കർമാരും മുന്നേറ്റനിര താരങ്ങളും ഇല്ലാത്തതിന്റെ കുറവുകൾ നേരിടുമ്പോഴാണ് അർജന്റീന അക്കാര്യത്തിൽ ധാരാളിത്തം അനുഭവിക്കുന്നത്. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയത് ടീമിനും താരങ്ങൾക്കും ആത്മവിശ്വാസം നൽകും. കോപ്പ അമേരിക്ക ടോപ് സ്‌കോറർ പദവിക്കായി രണ്ടു താരങ്ങൾക്കും മത്സരിക്കുകയും ചെയ്യാം.

ലോകകപ്പിൽ ലൗടാരോ നിറം മങ്ങിയപ്പോൾ ഗംഭീര പ്രകടനവുമായി തിളങ്ങിയ അൽവാരസ് കോപ്പ അമേരിക്കയിലും അത് ആവർത്തിക്കുകയാണ്. അതേസമയം ലൗടാരോ മാർട്ടിനസ് ലോകകപ്പിൽ സംഭവിച്ച നിരാശക്ക് മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മൂന്നു ഗോളുകളാണ് താരം നേടിയിരിക്കുന്നത്.