ബംഗാളി ഭാഷ പറഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ച് എമിലിയാനോ മാർട്ടിനസ്, മത്സരത്തിൽ പങ്കെടുക്കും | Emiliano Martinez

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമായിരുന്നതാണെങ്കിലും ഇത്തവണ എമിലിയാനോ മാർട്ടിനസ് തന്നെ അതു സ്ഥിരീകരിച്ചത് ആരാധകർക്ക് ആവേശമായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് എമിലിയാനോ മാർട്ടിനസ് ഇന്ത്യ സന്ദർശിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയത്.

ക്ലബ് സീസണിനു ശേഷം ജൂണിൽ അർജന്റീന ഏഷ്യയിൽ സൗഹൃദമത്സരങ്ങൾ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ ടീമുകൾക്ക് എതിരെയാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. മത്സരങ്ങൾക്കായി ഏഷ്യയിലേക്ക് വരുന്നതിന്റെ കൂടെ ഇന്ത്യ സന്ദർശിക്കാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്നതിനൊപ്പം നിരവധി പരിപാടികളിലും മോഹൻ ബഗാന്റെ ഒരു ചാരിറ്റി മത്സരത്തിലും താരം പങ്കെടുക്കും.

എല്ലാവർക്കും ഹലോ, ഞാൻ ജൂലൈ 3 മുതൽ ജൂലൈ 5 വരെ ഇന്ത്യയിലുണ്ടാകും. മോഹൻബഗൻ ക്ലബ്ബിലെ ചാരിറ്റി ഫുട്ബോൾ മത്സരത്തിന് മുഖ്യാതിഥിയാകും, ആരാധകർക്കും സ്പോൺസർമാർക്കുമൊപ്പമുള്ള പരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കൊൽക്കത്തയ്ക്കും ബംഗ്ലാദേശിനും വലിയ അർജന്റീന ആരാധകരുണ്ടെന്ന് എനിക്കറിയാം, അവരെ കാണാൻ ഞാൻ വളരെ ആവേശത്തിലാണ്.” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

എമിലിയാനോ മാർട്ടിനസിന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ നടത്തിയ സത്രദു ദത്തക്ക് നന്ദി പറഞ്ഞ താരം അതിനൊപ്പം ബംഗാളി ഭാഷയിൽ എല്ലാവരോടുമുള്ള അഗാധമായ സ്നേഹവും വെളിപ്പെടുത്തുകയുണ്ടായി. ഖത്തർ ലോകകപ്പിൽ ഫൈനൽ അടക്കം രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീന ടീമിനെ വിജയിക്കാൻ സഹായിച്ചത് എമിലിയാനോ മാർട്ടിനസിന്റെ മിന്നുന്ന പ്രകടനമാണ്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയിരുന്നു.

Emiliano Martinez Confirms He Is Coming To India