ഇനിയും കാത്തിരിക്കാൻ കഴിയില്ല, നിർണായക തീരുമാനമെടുത്ത് ലയണൽ മെസി | Lionel Messi

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സയെ സംബന്ധിച്ച് ലാ ലിഗയുടെ അനുമതിൽ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. അതാണ് മെസി ട്രാൻസ്‌ഫറിനു തടസമായി നിൽക്കുന്നത്.

ലാ ലിഗയുടെ അനുമതി ലഭിക്കുന്നതിനു വേണ്ടി ബാഴ്‌സലോണ ചില പദ്ധതികൾ സമർപ്പിച്ചെങ്കിലും ഇതുവരെയും അതിൽ അംഗീകാരം ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ലയണൽ മെസി ഇതുവരെയും കാത്തിരിക്കുകയായിരുന്നു. എന്നാൽ താരത്തിന് കാത്തിരിപ്പ് ഇനിയും തുടരാൻ കഴിയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂണിൽ തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കണമെന്നു ചിന്തിക്കുന്ന ലയണൽ മെസി അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.

ബാഴ്‌സലോണക്ക് ഇതുവരെയും ഓഫർ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറണമോ എന്ന കാര്യത്തിലാണ് ലയണൽ മെസി തീരുമാനമെടുക്കാൻ പോകുന്നത്. എന്നാൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറണം എന്ന കാര്യത്തിൽ മെസി ഇപ്പോൾ തീരുമാനം എടുത്തേക്കില്ല. നിലവിൽ സൗദി ക്ലബായ അൽ ഹിലാലാണ് താരത്തിന് ഓഫർ നൽകിയിരിക്കുന്നത്. 400 മില്യൺ യൂറോയുടെ ഓഫർ സ്വീകരിച്ചാൽ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായി മെസി മാറും.

യൂറോപ്പിന് പുറത്തു നിന്നുള്ള ഓഫറുകൾ മെസി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. താരം ബാഴ്‌സലോണയുടെ ഓഫർ കാത്തിരിക്കുകയാണ് എന്നതിനാലാണ് മറ്റു ക്ലബുകൾ മെസിക്കായി ഓഫറുകൾ നൽകാതിരുന്നത്. താരം മറിച്ചു ചിന്തിക്കാൻ തുടങ്ങിയാൽ ഓഫറുകൾ വരുമെന്ന കാര്യം ഉറപ്പാണ്. പ്രധാനമായും പ്രീമിയർ ലീഗ് ക്ലബുകൾക്കാണ് ലയണൽ മെസിയിൽ താത്പര്യമുള്ളത്. അതേസമയം ലാ ലീഗയുടെ അനുമതി ലഭിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സ തുടരുന്നതിനാൽ എന്തും സംഭവിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

Lionel Messi Will Decide His Future Coming Days