മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങളെ കടത്തിവെട്ടി, ചെൽസിയുടെ തോൽവിയിലും എൻസോയുടെ ഗംഭീര പ്രകടനം | Enzo Fernandez

ഖത്തർ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ് അതിനു പിന്നാലെ ബെൻഫിക്കയിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയിരുന്നു. ചെൽസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക നൽകിയാണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ചെൽസിയുടെ മോശം ഫോമിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ താരം ഏറ്റു വാങ്ങി. റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ താരം ടീമിനായി ഒന്നും ചെയ്യുന്നില്ലെന്ന രീതിയിലാണ് എതിരാളികൾ വിമർശിക്കുന്നത്.

എന്നാൽ ടീമിനായി ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നത് മത്സരം കാണുന്ന ഓരോരുത്തർക്കും മനസിലാകും. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡിലെ താരങ്ങളേക്കാൾ പല കണക്കുകളിലും എൻസോ ഫെർണാണ്ടസ് മുന്നിൽ നിന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങളായ ബ്രൂണോ, കസമീറോ, എറിക്‌സൺ എന്നിവർ 87 പാസ് പൂർത്തിയാക്കിയപ്പോൾ എൻസോ മാത്രം 89 പാസാണ് പൂർത്തിയാക്കിയത്.

ചെൽസിക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയതും അർജന്റീന താരം തന്നെയാണ്. ടീമിനായി ഏറ്റവുമധികം ടച്ചുകൾ, പാസുകൾ, ഡ്രിബ്ലിങ്, ലോങ്ങ് പാസുകൾ, അവസരങ്ങൾ ഒരുക്കൽ എന്നിവ നടത്തിയ താരം റിക്കവറികളുടെ എണ്ണത്തിൽ രണ്ടാമതുമാണ്. ചെൽസിയിൽ എത്തിയതിനു ശേഷം ഇരുപതോളം മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവനിൽ താരം കളിച്ചിട്ടുമുണ്ട്. തനിക്കൊപ്പം മികച്ചൊരു ടീമാണ് വേണ്ടതെന്ന് എൻസോ അടിവരയിട്ടു തെളിയിക്കുന്നു.

ചെൽസി ക്ലബിനോട് തനിക്കുള്ള ആത്മാർത്ഥതയും എൻസോ ഇന്നലെ തെളിയിച്ചു. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതിനു ശേഷം ചെൽസോ ഗോൾകീപ്പർ കെപ്പയെ ബ്രൂണോ ഫെർണാണ്ടസ് കളിയാക്കിയപ്പോൾ അതിനെ ചോദ്യം ചെയ്യാൻ എൻസോ ഫെർണാണ്ടസ് ഒറ്റക്കാണ് ചെന്നത്. താരത്തിനെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്. അടുത്ത സീസണിൽ എൻസോയിൽ നിന്നും കൂടുതൽ മികവ് പ്രതീക്ഷിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.

Enzo Fernandez Superb Performance Against Man Utd