ഫ്രാൻസ് തിരിച്ചടിച്ചപ്പോഴും വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു, ടീമിലെ മുതിർന്ന താരത്തിന് ആത്മവിശ്വാസം നൽകി എൻസോ | Enzo Fernandez

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. രണ്ടു ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് അതിനു മറുപടി നൽകുകയും എക്‌സ്ട്രാ ടൈമിൽ 3-3 എന്ന നിലയിൽ പിരിയുകയും ചെയ്‌തതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. വിജയം ഉറപ്പിച്ച അർജന്റീന അത് കൈവിടുമോ എന്ന ഭീതിയുണ്ടാക്കി ഒടുവിൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

അർജന്റീന ആരാധകരെല്ലാം ഫ്രാൻസിന്റെ രണ്ടാമത്തെ ഗോളിൽ ഒന്ന് പതറിയെങ്കിലും അപ്പോൾ പോലും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നാണ് അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച യുവതാരം എൻസോ ഫെർണാണ്ടസ് പറയുന്നത്. ടീമിലെ മുതിർന്ന താരമായ ഒട്ടമെന്റിക്ക് ആത്മവിശ്വാസം തിരിച്ചു കൊണ്ടുവരാൻ എൻസോ പറഞ്ഞ വാക്കുകൾ താരത്തിന്റെ മികച്ച മനോഭാവം തെളിയിക്കുന്നു.

“ഫ്രാൻസ് രണ്ടു ഗോളുകൾ തിരിച്ചടിച്ചപ്പോഴും ഞാൻ ആസ്വദിക്കുകയായിരുന്നു. അർജന്റീനക്ക് കിരീടം നേടാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു ഞാൻ സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്‌തു. പെനാൽറ്റി വഴങ്ങിയതിൽ ഒട്ടമെന്റി കുറച്ച് നിരാശനായിരുന്നു. അവർ തിരിച്ചടിച്ച് സമനില നേടിയാലും കുഴപ്പമില്ല, നമ്മളീ മത്സരം വിജയിക്കാൻ പോവുകയാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു.” എൻസോ ഫെർണാണ്ടസ് പറഞ്ഞു.

അർജന്റീന ടീമിൽ പകരക്കാരാണെന്ന നിലയിൽ ഇടം പിടിച്ച് പിന്നീട് ആദ്യ ഇലവനിൽ സ്ഥിരമായി മാറിയ എൻസോ ഫെർണാണ്ടസ് മിന്നുന്ന പ്രകടനമാണ് ടൂർണമെന്റിൽ നടത്തിയത്. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം ചെൽസിയിലേക്ക് ചേക്കേറിയ താരം പുതിയ സീസണിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്.

Enzo Fernandez Talks About World Cup final