ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വമ്പൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇഗോർ സ്റ്റിമാച്ച് | Igor Stimac

ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം പിറന്നതിനു ശേഷം മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കിയ ടീം മുമ്പത്തേതിൽ നിന്നും വളരെയധികം മെച്ചപ്പെട്ടുവെന്ന് ഓരോ ആരാധകരും പറയുന്നു. ഇനിയും ടീമിനെ മെച്ചപ്പെടുത്തി ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകൾ കളിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പരിശീലകൻ സ്റ്റിമാച്ച് നൽകുകയുണ്ടായി.

ഐഎസ്എല്ലിലെ മോശം ശീലങ്ങൾ ഇന്ത്യൻ താരങ്ങൾ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ടെന്ന വിമർശനം അദ്ദേഹം നടത്തി. ഫൈനൽ തേർഡിൽ തീരുമാനമെടുക്കാനുള്ള കഴിവ് വളരെ മോശമാണെന്നു പറഞ്ഞ സ്റ്റിമാച്ച് നേരിട്ട് ഷൂട്ട് ചെയ്യേണ്ട സമയത്ത് വരെ പാസ് നൽകാനാണ് കളിക്കാരിൽ പലരും ശ്രമിക്കുന്നതെന്നും പറയുന്നു. വളരെ പെട്ടന്നു തന്നെ ചില കാര്യങ്ങളിൽ മാറ്റം വരണമെന്നും അതിനായി കൂടുതൽ കാത്തിരിക്കാൻ കഴിയില്ലെന്നും സ്റ്റിമാച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് പതിനാറ് ടീമുകളുള്ള വലിയ ടൂർണമെന്റാക്കി മാറ്റണമെന്നാണ് സ്റ്റിമാച്ച് മുന്നോട്ടു വെക്കുന്ന ഒരു പ്രധാനപ്പെട്ട നിർദ്ദേശം. ഫുട്ബോൾ സീസണിന്റെ ദൈർഘ്യം വർധിപ്പിച്ച് അത് എട്ടു മാസങ്ങളിൽ നടത്തണമെന്നും സ്റ്റിമാച്ച് പറയുന്നുണ്ട്. അതിനു പുറമെ രണ്ടു ലീഗുകൾ സംഘടിപ്പിക്കണമെന്നും ടീമുകളിൽ ഇന്ത്യക്കു വേണ്ടി കളിക്കുന്ന താരങ്ങൾക്ക് പരിഗണന നൽകണമെന്നും സ്റ്റിമാച്ച് മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ മനോഗതി മാറിയെന്നും 120 മിനുട്ടും ഒരേ തീവ്രതയോടെ കളിക്കാൻ താരങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നമ്മൾ ഒരു ചുവടു മുന്നോട്ടു വെക്കാൻ വൈകിയാൽ നമ്മളോട് മത്സരിക്കുന്നവരുടെ എണ്ണം വർധിക്കുക മാത്രമാണ് ചെയ്യുകയെന്നും ഇന്ത്യയിൽ മാത്രം കളിക്കാതെ മറ്റു രാജ്യങ്ങളിൽ പോയി മികച്ച ടീമുകളോട് മത്സരിക്കേണ്ടത് ആവശ്യമാണെന്നും സ്റ്റിമാച്ച് പറയുന്നു.

Igor Stimac Suggests Changes To Indian Football