“പ്രതിരോധനിര ഒരിക്കലുമത് പ്രതീക്ഷിക്കില്ലെന്നു തോന്നിയിരുന്നു”- ഹോളണ്ടിനെതിരെ നൽകിയ അസാമാന്യ പാസിനെക്കുറിച്ച് മെസി | Messi

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടേതായി നിരവധി മനോഹരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയ താരം നേടിയ ഗോളുകളും ഗോളിനുള്ള അസിസ്റ്റുകളുമെല്ലാം മനോഹരമായ ഒന്നായിരുന്നു. ടീമിന്റെ മുഴുവൻ പ്രകടനത്തെയും മുന്നോട്ടു നയിച്ച ലയണൽ മെസി അർജന്റീന ടീമിന്റെ കേന്ദ്രബിന്ദുവായാണ് ഓരോ മത്സരത്തിലും നിറഞ്ഞാടിയിരുന്നത്.

ഹോളണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലും ലയണൽ മെസിയുടെ മനോഹരമായൊരു നീക്കം ഉണ്ടായിരുന്നു. മത്സരത്തിൽ മോളിന നേടിയ ഗോളിന് താരം നൽകിയ അവിശ്വസനീയമായ അസിസ്റ്റ് ആർക്കും മറക്കാൻ കഴിയില്ല. അസാധ്യമായ ഒരു ആംഗിളിൽ നഥാൻ ആക്കെയുടെ കാലിനുള്ളിലൂടെ നൽകിയ ആ അസിസ്റ്റിന്റെ സമയത്ത് താൻ റൺ ചെയ്‌തിരുന്നത്‌ കണ്ടിരുന്നോവെന്ന മോളിനയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം മെസി മറുപടി നൽകിയിരുന്നു.

“അതെ, ഞാനവനെയും അവൻ ഓടുന്നതും കണ്ടിരുന്നു. ആ സമയത്ത് ബോൾ സൈഡിലേക്ക് പാസ് ചെയ്യുക എന്നതായിരുന്നു സ്വാഭാവികമായ കാര്യം. പ്രതിരോധം മറ്റെന്തെങ്കിലുമായിരിക്കും പ്രതീക്ഷിക്കുകയെന്നു തോന്നിയതിനാൽ തന്നെ ഉചിതമായ കാര്യം പന്തവിടേക്ക് നൽകുകയായിരുന്നു. താരം പറയുന്നത് ഞാൻ കേട്ടിരുന്നില്ല, പക്ഷെ ഞാനവനെ കണ്ടിരുന്നു.” മെസി കഴിഞ്ഞ ദിവസം പറഞ്ഞു.

ഹോളണ്ടിനെതിരെ നടന്ന മത്സരത്തിൽ നൽകിയ അസിസ്റ്റിനു പുറമെ അതിനു ശേഷം നടന്ന സെമി ഫൈനലിലും മെസിയുടെ മനോഹരമായൊരു അസിസ്റ്റ് ഉണ്ടായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി കണക്കാക്കപ്പെട്ട ഗ്വാർഡിയോളിനെ വട്ടം ചുറ്റിച്ചാണ് ലയണൽ മെസി അൽവാരസിനു അസിസ്റ്റ് നൽകിയത്. മെസിയെന്ന പ്രതിഭയ്ക്ക് മാത്രം കഴിയുന്ന കാര്യങ്ങളായിരുന്നു അത്.

Messi Talks About Molina Goal In World Cup