ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ എംബാപ്പെയുടെ ആവശ്യമില്ലെന്നു തെളിഞ്ഞു, താരം പിഎസ്‌ജി വിടണമെന്ന് മുൻ ഡയറക്റ്റർ | Mbappe

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയും പിഎസ്‌ജിയും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ ഉലഞ്ഞു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ കഴിയില്ലെന്ന് ക്ലബ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എംബാപ്പയെ മുൻനിർത്തി ടീമിന്റെ പദ്ധതികൾ ഒരുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പിഎസ്‌ജിക്ക് വലിയ തിരിച്ചടിയാണത് നൽകിയത്.

അടുത്ത സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാനാണ് പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ് വിടണമെന്ന അന്ത്യശാസനം അവർ താരത്തിന് നൽകുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ക്ലബിന്റെ മുൻ ഡയറക്റ്ററായ ലിയനാർഡോയും ഫ്രഞ്ച് താരം ക്ലബ് വിടണമെന്ന് വ്യക്തമാക്കുകയുണ്ടായി.

“പിഎസ്‌ജിയുടെ നല്ലതിന് വേണ്ടി എംബാപ്പെ ക്ലബ് വിടുകയാണ് നല്ലത്. അതെന്തു തന്നെ സംഭവിച്ചാലും അതെ. പിഎസ്‌ജി എംബാപ്പെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. താരം പിഎസ്‌ജിക്കൊപ്പം ആറു വർഷങ്ങളായി ഉണ്ട്. താരത്തെക്കൂടാതെ അഞ്ചു ക്ലബുകൾ ചാമ്പ്യൻസ് ലീഗ് വിജയിച്ചതിനാൽ താരം ഇല്ലാതെയും അതിനു കഴിയുമെന്ന് മനസിലാക്കാൻ കഴിയും.” ലിയനാർഡോ കഴിഞ്ഞ ദിവസം പറഞ്ഞു.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ ക്ലബ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ സമ്മറിൽ താരം ഫ്രീ ഏജന്റായി പിഎസ്‌ജി വിടാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവിൽ ക്ലബ് പുതിയ കരാർ നൽകി നിലനിർത്തുന്നതിൽ വിജയിച്ചു. എന്നാൽ 2024ൽ അവസാനിക്കുന്ന കരാർ വീണ്ടും പുതുക്കാൻ എംബാപ്പെക്ക് താൽപര്യമില്ല.

Leonardo Told Mbappe To Leave PSG