ഇന്ത്യക്ക് വേണ്ടി മെസിയെയും റൊണാൾഡോയെയും ഞാൻ മറികടക്കും, ആത്മവിശ്വാസത്തോടെ സുനിൽ ഛേത്രി | Sunil Chhetri

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലർക്കും അനഭിമതനാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരമാണ് സുനിൽ ഛേത്രിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മുപ്പത്തിയെട്ടാം വയസിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി തുടർന്ന് പ്രധാന മത്സരങ്ങളിൽ 120 മിനുട്ടും കളിക്കുന്നത് തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ താരത്തിന്റെ റേഞ്ച് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

നിലവിൽ അന്താരാഷ്‌ട്ര ഫുട്ബോളിൽ മറ്റൊരു നേട്ടം കൂടി സുനിൽ ഛേത്രിക്ക് അവകാശപ്പെടാൻ കഴിയും. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് പിന്നിൽ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ഛേത്രി. ദേശീയ ടീമിനായി നൂറു ഗോളുകളെന്ന നേട്ടവും താരം ലക്‌ഷ്യം വെക്കുന്നുണ്ട്.

ദേശീയ ടീമിനോടുള്ള ആത്മാർത്ഥതയോടെ കാര്യമെടുത്താൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയും മറികടക്കാൻ തനിക്ക് കഴിയുമെന്നാണ് ഛേത്രി പറയുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഛേത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. “ദേശീയ ടീമിനായി നമ്മളുടെ ഏറ്റവും മികച്ചത് നൽകുന്ന കാര്യമെടുത്താൽ എനിക്ക് മെസി, റൊണാൾഡോ എന്നിവരെ മറികടക്കാൻ കഴിയും.” ഛേത്രി അഭിമാനത്തോടെ പറഞ്ഞു.

സാഫ് ചാമ്പ്യൻഷിപ്പിൽ വിജയം നേടിയതിൽ സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു. ലെബനൻ, കുവൈറ്റ് എന്നീ ടീമുകളെ മറികടന്നാണ് ഇന്ത്യ വിജയം നേടിയതെന്നത് കൂടുതൽ മനോഹരമായ നേട്ടമായെന്നാണ് താരം പറയുന്നത്. നിലവിൽ 92 ഗോളുകൾ ഇന്ത്യൻ ടീമിനായി നേടിയിട്ടുള്ള ഛേത്രി അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ലക്‌ഷ്യം വെക്കുന്നുണ്ട്. അതിനു ശേഷം താരം ദേശീയ ടീമിൽ തുടരുമോയെന്ന് വ്യക്തമല്ല.

Sunil Chhetri Says He Can Beat Messi Ronaldo