ആ നേട്ടങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണം റോഡ്രിഗോ ഡി പോൾ, മെസിയുടെ വാക്കുകൾ വ്യക്തമാക്കുന്നു | Messi

2018 ലോകകപ്പിന് ശേഷം വലിയ നിരാശയിലായിരുന്നു ലയണൽ മെസി. അടുത്ത ലോകകപ്പിൽ തനിക്ക് ഏറ്റവും മികച്ച ഫോമിൽ കളിക്കാൻ കഴിയുമോയെന്ന ആശങ്കയും തന്റെ സ്വപ്‌നമായ ലോകകപ്പ് കിരീടം ഒരിക്കൽ കൂടി നഷ്‌ടമായതിന്റെ വേദനയും താരത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്‌കലോണി പരിശീലകനായ അർജന്റീന ടീമിനായി ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ നിന്നും താരം വിട്ടുനിൽക്കുകയും ചെയ്‌തു.

പിന്നീട് അർജന്റീന ടീമിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് പരിചിതമായ മുഖങ്ങൾ താരതമ്യേനെ കുറവായിരുന്നു. തന്റെ ശൈലിക്കനുസൃതമായ ടീമിനെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്ന സ്‌കലോണി പുതിയ നിരവധി താരങ്ങളെ ടീമിലേക്ക് കൊണ്ടു വന്നു. മെസിയെ സംബന്ധിച്ച് പുതിയൊരു കൂട്ടം ആളുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ആ ടീമിലേക്ക് വളരെ പെട്ടന്നു തന്നെ താരം ഒത്തുചേരുകയുണ്ടായി.

പുതിയ താരങ്ങൾ നിറഞ്ഞ അർജന്റീന ടീമിലേക്ക് ലയണൽ മെസി പെട്ടന്ന് ഒത്തുചേരാൻ കാരണമായത് ടീമിന്റെ മധ്യനിര താരമായ റോഡ്രിഗോ ഡി പോളാണ്. പുതിയ താരങ്ങളെയും ലയണൽ മെസ്സിയെയും നല്ല രീതിയിൽ കൂട്ടിയിണക്കാൻ താരം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ലയണൽ മെസി തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

“ഈ ഗ്രൂപ്പിലേക്ക് എന്നെ കൂട്ടിച്ചേർക്കുന്നതിനു റോഡ്രിഗോ ഡി പോൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ ചെയ്യേണ്ടിയിരുന്നത് അതു തന്നെയായിരുന്നു. അവരെല്ലാം പുതിയ താരങ്ങളായിരുന്നു എന്നതിനാൽ തന്നെ അവരോടൊപ്പം ചേർന്നു നിൽക്കേണ്ടത് നിർബന്ധമായിരുന്നു.” ലയണൽ മെസി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞു.

ലയണൽ മെസിയോട് വളരെയധികം സ്നേഹവും ആത്മാർത്ഥതയുമുള്ള താരമാണ് റോഡ്രിഗോ ഡി പോൾ. മെസിയുടെ ബോഡിഗാർഡ് എന്ന് പലരും താരത്തെ വിളിക്കാറുമുണ്ട്. എന്തായാലും മെസിയെ അർജന്റീന ദേശീയ ടീമിലേക്ക് കൂട്ടിയിണക്കാൻ സഹായിച്ചുവെന്നതിലൂടെ അർജന്റീനക്ക് ഈ കിരീടങ്ങൾ നേടിക്കൊടുക്കാൻ പ്രധാന പങ്കു വഹിക്കുക കൂടി ഡി പോൾ ചെയ്‌തിരുന്നു.

Messi Says De Paul Helped Him To Integrate Argentina Team