ഇങ്ങനൊരു ആരാധകക്കൂട്ടം മറ്റൊരു ടീമിനുമുണ്ടാകില്ല, പുതിയ സൈനിങ്ങിനെ ഭീഷണിപ്പെടുത്തി പിഎസ്‌ജി ആരാധകർ | PSG

ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ തീവ്ര ആരാധകക്കൂട്ടമായ അൾട്രാസ് വളരെയധികം പേര് കെട്ടവരാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി ടീമിലെ താരങ്ങളിൽ ചിലർക്കെതിരെ അവർ പ്രതിഷേധം ഉയർത്തുന്നത് പതിവായിരുന്നു. അവരുടെ പ്രതിഷേധമാണ് കരാർ പുതുക്കാതെ ലയണൽ മെസി ക്ലബ് വിടുന്നതിനു കാരണമായത്. നെയ്‌മറും ഇക്കാരണത്താൽ ക്ലബ് വിടാനൊരുങ്ങുകയാണ്.

പിഎസ്‌ജി അൾട്രാസിനു താരങ്ങൾക്കെതിരെ തിരിയാൻ അവർ മോശം പ്രകടനം നടത്തേണ്ടതില്ലെന്ന് കഴിഞ്ഞ സീസണിൽ മനസിലായതാണ്. ലോകകപ്പ് നേടിയതിനു ശേഷം ലയണൽ മെസിക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമായത് അതിനൊരു ഉദാഹരണമാണ്. മെസി ക്ലബിനായി മികച്ച പ്രകടനം നടത്തുമ്പോഴാണ് അവർ പ്രതിഷേധിച്ചിരുന്നു. ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചത് അതിനൊരു കാരണമായെന്നു തീർച്ചയാണ്.

ഇപ്പോൾ പിഎസ്‌ജി അൾട്രാസിന്റെ രോഷമേറ്റു വാങ്ങുന്നത് ക്ലബിന്റെ പുതിയ സൈനിങായ ലൂക്കാസ് ഹെർണാണ്ടസാണ്. ബയേൺ മ്യൂണിക്കിൽ നിന്നും മുപ്പത്തിനാല് മില്യൺ പൗണ്ട് നൽകി പിഎസ്‌ജി സ്വന്തമാക്കിയ താരത്തെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം ആരാധകർ പറഞ്ഞത്. ബാക്കി നേരിട്ട് കണ്ടറിയാമെന്ന ഭീഷണിയും ആരാധകർ മുഴക്കിയിട്ടുണ്ട്.

പിഎസ്‌ജിയുടെ പ്രധാന എതിരാളികളായ മാഴ്സെ ക്ലബ് നിലനിൽക്കുന്ന നഗരത്തിലാണ് ലൂക്കാസ് ഹെർണാണ്ടസ് ജനിച്ചത്. അതിനു പുറമെ താരത്തിന്റെ പിതാവ് മാഴ്സെയുടെ മുൻതാരമായിരുന്നു. മുൻപ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്‌ജിയെ ബയേൺ കീഴടക്കിയപ്പോൾ ഹെർണാണ്ടസ് വലിയ രീതിയിൽ ആഘോഷിച്ചതും ആരാധകരുടെ മനസിലുണ്ട്. എന്നാൽ ക്ലബിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തി മറുപടി നൽകുമെന്നാണ് ഹെർണാണ്ടസ് ഇതിനു മറുപടി നൽകിയത്.

PSG Ultras Send Warning To Lucas Hernandez