മെസിയുടെ പാത പിന്തുടർന്നാൽ അടുത്ത ലോകകപ്പിൽ ഗുണം ചെയ്തേനെ, ചെൽസി താരത്തിന്റെ തീരുമാനത്തെ വിമർശിച്ച് അമേരിക്കൻ ഇതിഹാസം | Pulisic

ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ തീരുമാനത്തെ പിന്തുടർന്ന് ചെൽസി താരമായ ക്രിസ്റ്റ്യൻ പുലിസിച്ചും തന്റെ മാതൃരാജ്യമായ അമേരിക്കയിലെ ലീഗിലേക്ക് വരണമായിരുന്നുവെന്ന് യുഎസ്എ ദേശീയ ടീമിന്റെ ഇതിഹാസമായ ലോണ്ടൻ ഡൊണോവൻ. അടുത്ത ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നതെന്നതിനാൽ താരം ഈ അവസരം ഉപയോഗപ്പെടുത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചെൽസിയിൽ നടക്കുന്ന കൂട്ട ഒഴിവാക്കലിന്റെ ഭാഗമായി ക്ലബിൽ നിന്നും പുറത്തു പോയ താരമാണ് ക്രിസ്റ്റ്യൻ പുലിസിച്ച്. ഇറ്റാലിയൻ ക്ലബായ എസി മിലാനാണ് താരത്തെ സ്വന്തമാക്കിയത്. അടുത്ത ലോകകപ്പിന്റെ സമയം പുലിസിച്ചിന് തന്റെ കരിയറിന്റെ ഉന്നതിയിലെത്താൻ കഴിയുന്ന സമയമായതിനാൽ അമേരിക്കൻ ലീഗിൽ തന്നെ കളിച്ച് ടൂര്ണമെന്റിനായി തയ്യാറെടുക്കുകയാണ് താരം വേണ്ടിയിരുന്നതെന്ന് ഡൊണോവൻ പറയുന്നു.

“ലോകകപ്പ് മൂന്നു വർഷത്തിനുള്ളിൽ വരികയാണ്. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമാണ്. കളിക്കാരനെന്ന നിലയിലും പ്രതിഭ നോക്കുമ്പോഴും താരം കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയമായിരിക്കുമത്. പക്ഷെ മെസിയെപ്പോലെ എംഎൽഎസിലേക്ക് വരാൻ താരം തയ്യാറായില്ല. ഇവിടേക്ക് വരാൻ മെസി തീരുമാനിച്ചത് അടുത്ത ലോകകപ്പ് ലക്ഷ്യമിട്ടല്ലെന്നു പറഞ്ഞാൽ എനിക്കത് ഉറപ്പില്ല.”

“ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി പുലിസിച്ചിനെ സ്വന്തമാക്കിയിരുന്നെങ്കിൽ അതൊരു മികച്ച നീക്കമായി മാറിയേനെ. വേണ്ട തുക കൊടുത്ത് അവനെ ഇവിടെ കൊണ്ടുവരൂ. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു അമേരിക്കൻ സൂപ്പർതാരത്തെ ലോകകപ്പിന് മുൻപ് ഇവിടെയെത്തിക്കൂ. അത് ഒന്നാന്തരമൊരു നീക്കമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.” ഡൊണോവൻ പറഞ്ഞു.

ചെൽസിയിൽ കഴിഞ്ഞ രണ്ടു സീസണുകളിൽ വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് പുലിസിച്ച് കളിച്ചിരുന്നത്. ലോകകപ്പിന് മുൻപ് സീരി എയിൽ തിളങ്ങി ലോകകപ്പിന് തയ്യാറെടുക്കാനുള്ള പദ്ധതിയാകും താരത്തിന്റേത്. അതിനു കഴിഞ്ഞില്ലെങ്കിൽ അടുത്ത സമ്മറിൽ പുലിസിച്ച് എംഎൽഎസിൽ എത്തില്ലെന്ന് പറയാൻ കഴിയില്ല.

Donovan Thinks Pulisic Could Follow Messi Way