അപ്രതീക്ഷിതമായ ട്വിസ്റ്റുകൾക്കായി കാത്തിരിക്കുക, സഹൽ ട്രാൻസ്‌ഫറിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ | Sahal

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഒരേ സമയം നിരാശയും അതേസമയം സന്തോഷവും നൽകിയ വാർത്തയാണ് സഹൽ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നത്. ടീമിന് ഒരു മികച്ച താരത്തെ നഷ്‌ടപ്പെടുന്നുവെന്നത് ആരാധകർക്ക് നിരാശ നൽകുമ്പോൾ കിരീടങ്ങൾ നേടാനും അതിനു വേണ്ട മികച്ച പദ്ധതികൾ ആവിഷ്‌കരിക്കാനും കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും താരം മികച്ചൊരു ടീമിലേക്ക് ചേക്കേറുന്നതിന്റെ സന്തോഷം പലർക്കുമുണ്ട്.

സഹലുമായി ബന്ധപ്പെട്ട് അവസാനം പുറത്തു വന്ന അഭ്യൂഹം താരം മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പിച്ചുവെന്നാണ്. റെക്കോർഡ് തുക മോഹൻ ബഗാൻ താരത്തിനായി മുടക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പല വഴിത്തിരിവുകളും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണു ഇന്ത്യൻ ഫാബ്രിസിയോ റൊമാനോ എന്നറിയപ്പെടുന്ന മാർക്കസ് മെർഗുലാവോ പറയുന്നത്.

“സഹൽ ആരുമായും കരാറിൽ എത്തിയിട്ടില്ല. താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതയുണ്ടെങ്കിലും നിലവിൽ ആരും സ്വന്തമാക്കിയിട്ടില്ല. ഒരുപാട് വഴിത്തിരിവുകളും കുടുക്കുകളുമുള്ള വലിയ കഥയാണത്. മോഹൻ ബഗാനാണ് സഹലിനെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബെങ്കിലും അപ്രതീക്ഷിതമായ ചില തടസങ്ങൾ അതിലുണ്ടായി. രണ്ടു ടീമിന്റെ ഭാഗത്തു നിന്നും പക്വതയോടെയുള്ള നീക്കങ്ങൾ ഇതിനായി ആവശ്യമാണ്.” മാർക്കസ് മെർഗുലാവോ പറഞ്ഞു.

മാർക്കേസിന്റെ ട്വീറ്റുകളിൽ നിന്നും സഹൽ ക്ലബ് വിടാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നാണ് വ്യക്തം. റിപ്പോർട്ടുകൾ പ്രകാരം ക്ലബുകൾ തമ്മിൽ ധാരണയിൽ എത്താത്തതാണ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ തടസം നിൽക്കുന്നത്. അതിനിടയിൽ ഗില്ലിനെ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഈസ്റ്റ് ബംഗാൾ റാഞ്ചിയെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ സഹലിനെ നിലനിർത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

Sahal Still Not Signed For Any Clubs