ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയില്ല, പക്ഷെ ഒരാളുടെ നേട്ടത്തിൽ സന്തോഷം തോന്നിയെന്ന് കസമീറോ | Casemiro

ഖത്തർ ലോകകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം നേടിയിട്ട് ആറു മാസത്തിലധികം പിന്നിട്ടെങ്കിലും അതിന്റെ ആരവങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീന കിരീടം നേടിയത് എന്നതിനൊപ്പം അതിലൂടെ ലയണൽ മെസി തന്റെ കരിയറിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാത്ത തരത്തിൽ പൂർണത വരുത്തുകയും ചെയ്‌തു.

ഖത്തർ ലോകകപ്പ് ഫൈനലിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നും അർജന്റീനക്ക് പിന്തുണ ലഭിച്ചിരുന്നു. അർജന്റീനയുടെ എതിരാളികൾ പോലും ലയണൽ മെസിയെന്ന താരം കിരീടം നേടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ബ്രസീലിയൻ മധ്യനിര താരം കസമീറോയോട് ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നോ എന്നു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങിനെ ആയിരുന്നു.

“ഇല്ല, ഞാൻ മത്സരം കണ്ടിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങളുടെ പുറത്താകലിനു ശേഷം ഒരു മാസത്തോളം ഞാൻ ടിവി കണ്ടിരുന്നില്ല, അത് വേദനയുണ്ടാക്കിയിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായ ലിസാൻഡ്രോ മാർട്ടിനസ് ടൂർണമെന്റ് വിജയിച്ചു. ബഹുമാനത്തോടു കൂടിത്തന്നെ ഞാൻ താരത്തെ അഭിനന്ദിച്ചു. എന്റെ സുഹൃത്തുക്കളിൽ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ലിസാൻഡ്രോയാണ്.” കസമീറോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട കസമീറോയും അയാക്‌സിൽ നിന്നും പോന്ന ലിസാൻഡ്രോ മാർട്ടിനാസും കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നു. രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും അടുത്ത സീസണിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.

Casemiro On Supporting Argentina In World Cup Final