കേരള ബ്ലാസ്റ്റേഴ്‌സിൽ വിറ്റഴിക്കൽ തുടരുന്നു, റെക്കോർഡ് തുകക്ക് സൂപ്പർതാരത്തെ എതിരാളികൾ റാഞ്ചി | Kerala Blasters

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് കളിക്കളം വിട്ടതിനു നടപടിയായി വന്ന പിഴശിക്ഷ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നാല് കോടിയോളം രൂപ പിഴയായി വന്നതിനെ തുടർന്ന് സാമ്പത്തികമായി പരുങ്ങലിലായ ടീമിപ്പോൾ പ്രധാന താരങ്ങളിൽ പലരെയും ഒഴിവാക്കുന്ന സാഹചര്യത്തിലാണ്.

റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ ഗില്ലും ക്ലബ് വിടുമെന്ന് തീരുമാനമായിക്കഴിഞ്ഞു. കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് താരം ചേക്കേറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒന്നരക്കോടി രൂപയാണ് താരത്തിനായി ഈസ്റ്റ് ബംഗാൾ മുടക്കിയതെന്നും ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ പൂർത്തിയായെന്നും വിശ്വസനീയമായ കേന്ദ്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇത്രയും തുക ഗില്ലിനായി ലഭിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഒരു ഗോൾകീപ്പറുടെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ തുകയെന്ന റെക്കോർഡ് ഗില്ലിന്റെ പേരിലായിട്ടുണ്ട്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും ഈസ്റ്റ് ബംഗാളിന് ഗില്ലിന്റെ മനസ് മാറ്റാൻ കഴിഞ്ഞു. ഗില്ലിന്റെ സഹോദരനെയും ഈസ്റ്റ് ബംഗാൾ റാഞ്ചിയെന്നാണ് സൂചനകൾ.

അടുത്ത സീസണിൽ തങ്ങളുടെ പദ്ധതികളിൽ ഇല്ലാതിരുന്ന താരങ്ങളെ നേരത്തെ തന്നെ ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സ് അതിനു പിന്നാലെയാണ് ക്ലബിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ച കളിക്കാരെയും വിൽക്കുന്നത്. ഗില്ലിനു പുറമെ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിടുമെന്ന റിപ്പോർട്ടുകളും സജീവമായിട്ടുണ്ട്. മുന്നേറ്റനിര താരമായ രാഹുൽ കെപി ക്ലബുമായി കരാർ പുതുക്കാനുള്ള വാഗ്‌ദാനം നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Kerala Blasters Goalkeeper Gill Joined East Bengal