എംബാപ്പെ പത്താം സ്ഥാനത്തേക്ക് വീണു, ലോകഫുട്ബോളിലെ രാജാവായി ഹാലൻഡ് | Erling Haaland
ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നതിനു പിന്നാലെ റെക്കോർഡുകൾ ഓരോന്നായി തകർത്തു കളയുകയാണ് നോർവേ താരമായ എർലിങ് ഹാലൻഡ്. ഈ സീസണിൽ മുപ്പത്തിയഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മുപ്പത്തിയാറു ഗോളുകൾ നേടി ലീഗിലെ ടോപ് സ്കോററായിരുന്നു. ഒരു സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡും ഇരുപത്തിരണ്ടുകാരനായ താരം സ്വന്തമാക്കി.
സിഐഇഎസ് ഫുട്ബോൾ ഒബ്സർവെറ്ററിയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരവും എർലിങ് ഹാലൻഡാണ്. 210 മില്യൺ പൗണ്ടിലധികമാണ് താരത്തിന്റെ മൂല്യം. റയൽ മാഡ്രിഡിന്റെ ഇരുപത്തിരണ്ടുകാരനായ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ 168 മില്യൺ പൗണ്ട് മൂല്യവുമായി രണ്ടാമത് നിൽക്കുമ്പോൾ ആഴ്സണൽ താരം ബുക്കയോ സാക്ക 168 മില്യൺ മൂല്യവുമായി മൂന്നാം സ്ഥാനത്താണ്.
No player is valued more than Erling Haaland right now 💰 pic.twitter.com/tgXGJO4bUa
— B/R Football (@brfootball) June 6, 2023
ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റുള്ളവരും ഇംഗ്ലണ്ട്, ബ്രസീൽ ടീമിലുള്ളവരാണ്. ബൊറൂസിയ ഡോർട്ട്മുണ്ട് താരമായ ജൂഡ് ബെല്ലിങ്ഹാം 163 മില്യൺ മൂല്യവുമായി നാലാമത് നിൽക്കുമ്പോൾ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ റോഡ്രിഗോ 158 മില്യൺ പൗണ്ട് മൂല്യം കൽപ്പിക്കപ്പെട്ട് അഞ്ചാം സ്ഥാനത്തു നിൽക്കുന്നു. താരങ്ങളുടെ പ്രായം മൂല്യം കൽപ്പിക്കുന്നതിൽ നിർണായകമായ ഒന്നാണ്.
പെഡ്രി, ഗാവി, ജമാൽ മുസിയാല, ഫിൽ ഫോഡൻ, എംബാപ്പെ എന്നിവരാണ് ആറു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഈ ലിസ്റ്റിൽ ഏറ്റവും പ്രായം കൂടിയ താരമാണ് എംബാപ്പെ. താരത്തിന്റെ മൂല്യം കുറയുന്നതിന് അത് കാരണമായിട്ടുണ്ട്. 140 മില്യൺ പൗണ്ടാണ് ഇരുപത്തിനാലുകാരനായ താരത്തിന് ഈ ലിസ്റ്റിൽ മൂല്യം കൽപ്പിച്ചിരിക്കുന്നത്.
Erling Haaland Leads Most Valuable Football Players