മെസിയല്ലാതെ മറ്റാർക്ക് കഴിയും ഇങ്ങിനെ ചെയ്യാൻ, തന്നെ സ്വന്തമാക്കാൻ ബാഴ്‌സയെ സഹായിക്കാനാവശ്യപ്പെട്ട് അർജന്റീന താരം | Lionel Messi

ലയണൽ മെസി ട്രാൻസ്‌ഫർ സങ്കീർണതകളിൽ തന്നെ തുടരുകയാണ്. ലാ ലിഗയുടെ അനുമതിയാണ് ഇത്രയും കാലം പ്രശ്‌നമായിരുന്നതെങ്കിൽ ആ തടസം നീങ്ങിയിരുന്നു. ഇപ്പോഴത്തെ പ്രശ്‌നം ലയണൽ മെസിയെ സ്വന്തമാക്കാൻ ഏതെങ്കിലുമൊരു താരത്തെ വിൽക്കണമെന്നതാണ്. അക്കാര്യത്തിൽ പെട്ടന്നൊരു തീരുമാനം ബാഴ്‌സലോണക്ക് എടുക്കാൻ കഴിയാത്തതിനാൽ സമയമെടുക്കുമെന്നാണ് ക്ലബിന്റെ നിലപാട്.

ലയണൽ മെസിയെ സംബന്ധിച്ച് തന്റെ ഭാവിയെക്കുറിച്ച് എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ടു തന്നെ ബാഴ്‌സലോണയുടെ തീരുമാനം വൈകിയാൽ താരം മറ്റു ക്ളബുകളെ പരിഗണിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.സൗദിയിൽ നിന്നും താരത്തിന് ഓഫറുണ്ടായിരുന്നെങ്കിലും താരം അത് പരിഗണിക്കുന്നില്ലെന്നും ഇന്റർ മിയാമി, ബാഴ്‌സലോണ എന്നിവർ മാത്രമേ പരിഗണനയിലുള്ളൂ എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതിനിടയിൽ തന്നെ സ്വന്തമാക്കാൻ ബാഴ്‌സലോണയെ സഹായിക്കാൻ അൽ ഹിലാൽ, ഇന്റർ മിയാമി എന്നീ ക്ലബുകളോട് ലയണൽ മെസി അഭ്യർത്ഥന നടത്തിയെന്നും വാർത്തകളുണ്ട്. ഈ രണ്ടു ക്ലബുകൾ തന്നെ സ്വന്തമാക്കി ബാഴ്‌സലോണയിലേക്ക് ലോൺ കരാർ നൽകണമെന്ന ആവശ്യമാണ് ലയണൽ മെസി മുന്നോട്ടു വെച്ചത്. ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ താരത്തിനുള്ള ആഗ്രഹം ഇതിൽ നിന്നും വ്യക്തമാണ്.

ലയണൽ മെസിയുടെ ഈ അഭ്യർത്ഥന ക്ലബുകൾ തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലബ് സീസൺ അവസാനിച്ചതോടെ അജന്റീനക്കൊപ്പം സൗഹൃദമത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ലയണൽ മെസി. രണ്ടാഴ്‌ചക്കകം ഏഷ്യയിൽ വെച്ച് ആരംഭിക്കുന്ന മത്സരങ്ങൾക്കു മുൻപ് തന്നെ ഭാവിയുടെ കാര്യത്തിൽ ലയണൽ മെസി തീരുമാനമെടുത്തേക്കും.

Lionel Messi Asked Clubs To Help With Barcelona Signing