“റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ നിന്ന് ഒഴിവാക്കിയാലാണ് ആശ്വാസം ലഭിക്കുക”- രൂക്ഷമായ വിമർശനവുമായി മുൻ പരിശീലകൻ | Cristiano Ronaldo

പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ കളിച്ച ആദ്യത്തെ രണ്ടു മത്സരങ്ങളിലും പോർച്ചുഗൽ ഗംഭീരവിജയം നേടുകയും ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. രണ്ടു മത്സരങ്ങളിലായി നാല് ഗോളുകൾ നേടിയതിനു ശേഷം നടത്തിയ പ്രതികരണത്തിൽ മുൻ പോർച്ചുഗൽ പരിശീലകനായ ഫെർണാൻഡോ സാന്റോസിനെതിരെ പരോക്ഷമായ വിമർശനം റൊണാൾഡോ നടത്തുകയുണ്ടായി. ഇപ്പോഴാണ് പോർച്ചുഗൽ ടീം കൂടുതൽ ആശ്വാസത്തോടെ കളിക്കുന്നതെന്നാണ് റൊണാൾഡോ മത്സരത്തിനു ശേഷം പ്രതികരിച്ചത്.

റൊണാൾഡോയുടെ പ്രതികരണം സാന്റോസിനെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് മുൻ സ്പോർട്ടിങ് സിപി മാനേജരായ മാനുവൽ ജോസ് നടത്തിയത്. റൊണാൾഡോ സ്വാർത്ഥനും പണത്തിനു കൊതിയുള്ളവനും വന്ന വഴി മറക്കുന്നവനുമാണെന്നും പറഞ്ഞ അദ്ദേഹം താരത്തെ പുറത്താക്കിയാലാണ് പോർച്ചുഗൽ ടീമിന് കൂടുതൽ ആശ്വാസം ലഭിക്കുകയെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചു.

“ഒരു പരിശീലകൻ താരങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നയാൾ തന്നെയാണ്. പക്ഷെ റൊണാൾഡോ വന്ന വഴി മറക്കുകയാണ്. തന്റെ കരിയർ എങ്ങിനെ അവസാനിപ്പിക്കണം എന്നു റൊണാൾഡോക്കറിയില്ല, പണം മാത്രമാണ് റൊണാൾഡോ പ്രധാനമായി കരുതുന്നത്. റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ നിന്നും പുറത്താക്കിയാലാണ് കൂടുതൽ ആശ്വാസം ലഭിക്കുക. തന്റെ പരിശീലകനോടും സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും താരം മോശമായാണ് പെരുമാറിയത്.”

റൊണാൾഡോയുടെ അഭിപ്രായത്തെ ബ്രൂണോ ഫെർണാണ്ടസ് നിരാകരിച്ച് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ചാലും താരത്തിന്റെ ഈഗോ ലോകത്തേക്കാൾ വലിയതാണെന്നാണ് ജോസ് പറയുന്നത്. കളിക്കളത്തിൽ തന്നെക്കുറിച്ച് മാത്രമാണ് റൊണാൾഡോ ചിന്തിക്കുന്നതെന്നും തൻറെ പ്രായവും കളിക്കുന്നത് ഒരു സാധാരണ ലീഗിലാണെന്നും റൊണാൾഡോ മനസിലാക്കുന്നില്ലെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. Former Portugal Manager Slams Ronaldo For His Comments After Euro Qualifiers