ലൂണ നേടിയ ടിക്കി ടാക്ക ഗോൾ ആഗോള തലത്തിൽ വൈറലാവുന്നു

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ ടീമിലെ സൂപ്പർതാരമായ അഡ്രിയാൻ ലൂണ നേടിയ ഗോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു അത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ വിജയമുറപ്പിച്ച ഗോളാണ് അഡ്രിയാൻ ലൂണ നേടിയത്.

മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും തുടങ്ങിയ നീക്കത്തിൽ വലതു വിങ്ങിലൂടെ മുന്നേറി ഒടുവിൽ ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്നുമാണ് ആ ഗോൾ ലൂണ നേടുന്നത്. ഇതിനിടയിൽ ആദ്യം സഹലിനു പന്ത് കൈമാറിയ താരം അത് തിരിച്ചു വാങ്ങി ദിമിക്ക് നൽകി. ദിമിയത് ജിയാനിവിന് നൽകിയപ്പോൾ താരമത് മനോഹരമായ ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ലൂണക്ക് തന്നെ മറിച്ചു നൽകി. ലൂണയത് ഗോളാക്കി മാറ്റുകയും ചെയ്‌തു.

433 Shares Luna’s Goal Against Jamshedpur FC

ലൂണയുടെ ഈ ഗോൾ ആഗോളതലത്തിൽ തന്നെ ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. പ്രമുഖ മാധ്യമമായ 433 അവരുടെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് റീൽസിൽ ഈ ഗോളിന്റെ വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ഷെയർ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ടിക്കി ടാക്ക ഗോൾ എന്ന പേരിലാണ് ഇത് 433 ഷെയർ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ സൂപ്പർ ലീഗ്, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർ അവർ ടാഗ് ചെയ്യുകയും ചെയ്‌തിരിക്കുന്നു.

ഇതാദ്യമായല്ല 433 കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഇതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഗ്യാലറിയിലിരുന്ന് മനോഹരമായ ഒരു ചാന്റ് പാടുന്നതിന്റെ വീഡിയോ അവർ ഷെയർ ചെയ്‌തിരുന്നു. ഇതിനു പതിനഞ്ചു മില്യണിലധികം കാഴ്ച്ചക്കാരെയും അറുപത്തിനായിരത്തിലധികം കമന്റും ലഭിച്ചു. അതിനു ശേഷമിട്ട ലൂണയുടെ ഗോളിന് 12 മില്യണിലധികം കാഴ്ച്ചക്കാരെ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇരുപതിനായിരത്തിലധികം കമന്റുകളും അതിനു ലഭിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ വീഡിയോയും വിജയിപ്പിക്കുന്നതു കൊണ്ടു തന്നെയാണ് 433 കൂടുതൽ വീഡിയോകൾ ഇടുന്നതെന്ന് വ്യക്തമാണ്. എന്നാൽ ആഗോള തലത്തിൽ തന്നെ പ്രശസ്‌തമായ ഒരു മീഡിയ ഇത്തരം വീഡിയോകൾ ഇടുന്നതിലൂടെ മറ്റു മീഡിയയുടെയും ആരാധകരുടെയും ശ്രദ്ധ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിയും എന്നുറപ്പാണ്. ഇപ്പോൾ തന്നെ പല രാജ്യത്തു നിന്നുമുള്ള ആളുകൾ ഈ വീഡിയോക്ക് കീഴിൽ അഭിനന്ദനങ്ങൾ കമന്റായി ഇടുന്നുണ്ട്.