മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ഈ കളിയാണെങ്കിൽ പ്രതീക്ഷയില്ല, മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നറിയിപ്പു നൽകി പെപ് ഗ്വാർഡിയോള

അപ്രതീക്ഷിതമായ തോൽവിയാണു കറബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി സൗത്താംപ്റ്റനോട് ഏറ്റു വാങ്ങിയത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു സൈന്റ്‌സിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഏറ്റു വാങ്ങിയത്. വിജയം നേടിയാൽ സെമി ഫൈനലിൽ എത്താൻ കഴിയുമായിരുന്ന ടീം തോൽവി വഴങ്ങിയതോടെ ഈ സീസണിൽ സ്വന്തമാക്കാൻ കഴിയുമായിരുന്ന ഒരു കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്തായി.

കെവിൻ, ഡി ബ്രൂയ്ൻ, ഏർലിങ് ഹാലാൻഡ്, ജൂലിയൻ അൽവാരസ് തുടങ്ങിയ താരങ്ങൾ മത്സരത്തിൽ ഇറങ്ങിയിട്ടും മത്സരത്തിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ലെന്നതാണ് മത്സരത്തിൽ ഏറ്റവും ദയനീയമായ കാര്യം. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടേണ്ട മാഞ്ചസ്റ്റർ സിറ്റിയാണ് ഇത്രയും മോശം പ്രകടനം നടത്തിയത്. പരിശീലകൻ ഗ്വാർഡിയോള ഇതേക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

Guardiola Warns Man City About Manchester Derby After Southampton Loss

“മാഞ്ചസ്റ്റർ സിറ്റിക്കായി ഓരോ മത്സരം കളിക്കാനിറങ്ങുമ്പോഴും കൃത്യമായ തയ്യാറെടുപ്പുകൾ ടീമിനുണ്ടാകണം. എന്നാൽ ഈ മത്സരത്തിൽ ഞങ്ങൾക്കത് ഉണ്ടായിരുന്നില്ല. മാഞ്ചസ്റ്റർ ഡെർബിയിൽ ഞങ്ങൾ ഇതുപോലെയുള്ള പ്രകടനം നടത്തിയാൽ പിന്നെയൊരു പ്രതീക്ഷയും വേണ്ടതില്ല. ലൈനപ്പാണ് ഇന്നത്തെ മത്സരത്തിൽ പ്രശ്‌നമായതെന്ന് ഞാൻ കരുതുന്നില്ല, ടീമിന്റെ പ്രകടനം തന്നെയാണ്, ഞങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നില്ല.” ഗ്വാർഡിയോള പറഞ്ഞു.

“മത്സരത്തിൽ മികച്ചു നിന്ന ടീമാണ് വിജയം നേടിയത്. അവരായിരുന്നു നല്ല ടീം, ഞങ്ങൾ നന്നായി കളിച്ചില്ല. ഞങ്ങൾക്ക് ലഭിച്ച മോശം തുടക്കം മത്സരത്തെ മുഴുവൻ ബാധിച്ചു. ഒരു ടീമെന്ന നിലയിൽ ഞങ്ങളെന്താണോ അതിന്റെ അടുത്തു പോലുമെത്താൻ കഴിഞ്ഞില്ല. സെമി ഫൈനലിൽ എത്താനുള്ള യാതൊരു തയ്യാറെടുപ്പും ഞങ്ങൾ നടത്തിയില്ല. ഞങ്ങൾ മത്സരത്തിനായി തയ്യാറായിരുന്നില്ല.” അദ്ദേഹം മത്സരത്തിനു ശേഷം കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോഴാണ് മാഞ്ചസ്റ്റർ സിറ്റി മറ്റൊരു ടൂർണമെന്റിൽ നിന്നും പുറത്തേക്ക് പോകുന്നത്. നിലവിൽ ആഴ്‌സണലുമായി അഞ്ചു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത ഡെർബിയിൽ വിജയം നേടിയാൽ മാത്രമേ പ്രീമിയർ ലീഗിൽ കിരീടം നിലനിർത്താനുള്ള സാധ്യതയുള്ളൂ. അതല്ലെങ്കിൽ ആഴ്‌സനലിനെ മറികടക്കാനുള്ള സാധ്യതകൾ ദുഷ്‌കരമാകും.