എതിരാളിയുടെ മുഖത്ത് ചവുട്ടി, ലിസാൻഡ്രോക്ക് ചുവപ്പ് കാർഡ് നൽകാത്തതിൽ പ്രതിഷേധം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനോട് പരാജയം വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും തിരിച്ചു വന്ന് സമനില നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ വിൽഫ്രഡ് നേടിയ ഗോളിലും അതിനു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ റാഫേൽ വരാനെ നേടിയ സെൽഫ് ഗോളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അറുപത്തിരണ്ടാം മിനുട്ട് വരെ പിന്നിൽ നിന്നതിനു ശേഷമാണ് സമനില നേടിയെടുത്തത്.

അറുപത്തിരണ്ടാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളടിയന്ത്രമായി മാറിയ മാർക്കസ് റാഷ്‌ഫോഡ് ആദ്യത്തെ ഗോൾ നേടിയപ്പോൾ അതിനു പിന്നാലെ പകരക്കാരനായി ഇറങ്ങിയ ജാഡൻ സാഞ്ചോ സമനില ഗോളും കുറിച്ചു. മത്സരത്തിൽ വിജയം കുറിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരമാവധി ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അതേസമയം മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

ലീഡ്‌സ് ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന സമയത്ത് പാട്രിക്ക് ബാംഫോർഡാണ്‌ ലിസാൻഡ്രോയുടെ ഫൗളിന് വിധേയമായത്. രണ്ടു താരങ്ങളും പന്തിനു വേണ്ടി ഡൈവ് ചെയ്‌തപ്പോൾ ചെറിയൊരു കൂട്ടിയിടിയുണ്ടായി. അതിനു പിന്നാലെ എണീക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പാട്രിക്ക് ബാംഫോഡിന്റെ മുഖത്ത് ലിസാൻഡ്രോയുടെ ബൂട്ട് കൊണ്ടത്. സംഭവം വീഡിയോ റഫറി പരിശോധിച്ചെങ്കിലും അർജന്റീന താരത്തിന് കാർഡ് നൽകേണ്ടെന്ന തീരുമാനമാണ് എടുത്തത്.

അതേസമയം ആരാധകരിൽ പലരും പറയുന്നത് മുഖത്ത് ചവിട്ടുന്ന സമയത്ത് എന്താണ് ചെയ്യുന്നതെന്ന കാര്യത്തിൽ ലിസാൻഡ്രോ മാർട്ടിനസിനു വളരെയധികം വ്യക്തത ഉണ്ടായിരുന്നുവെന്നാണ്. മനഃപൂർവമെന്ന പോലെയാണ് താരം അത് ചെയ്‌തതെന്നും തീർച്ചയായും ചുവപ്പുകാർഡ് അർഹിക്കുന്നുവെന്നും അവർ വാദിക്കുന്നു. ആ ചുവപ്പുകാർഡ് നൽകിയിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മത്സരത്തിൽ തിരിച്ചു വരാനുള്ള സാധ്യതയും ഇല്ലാതാകുമായിരുന്നു.