മെസിയെ പിൻവലിച്ചതോടെ കൂട്ടത്തോടെ ഒഴിയുന്ന ഗ്യാലറി, മെസി എഫക്റ്റ് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം | Messi
ലയണൽ മെസി തരംഗം അമേരിക്കയിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്‌ജി വിട്ടതിനു ശേഷം അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനായി കളത്തിലിറങ്ങുകയും രണ്ടിലും ഗോളുകൾ നേടുകയും ചെയ്‌തു. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ടീമിന്റെ വിജയഗോൾ നേടിയ മെസി ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി.
കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയതെങ്കിൽ ഇന്നത്തെ മത്സരത്തിൽ മെസി ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. എഴുപത്തിയെട്ടു മിനുട്ട് കളിക്കളത്തിൽ ഉണ്ടായിരുന്ന മെസി എട്ടാം മിനുട്ടിലാണ് ടീമിനെ മുന്നിലെത്തിക്കുന്നത്. അതിനു ശേഷം ഇരുപത്തിരണ്ടാം മിനുട്ടിലും ഗോൾ നേടിയ താരം രണ്ടാം പകുതിയുടെ അമ്പത്തിമൂന്നാം മിനുട്ടിൽ റോബർട്ട് ടെയ്‌ലർ നേടിയ ടീമിന്റെ നാലാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
Fans leaving in masses after Messi was subbed off in the 75th minute 🤯pic.twitter.com/7PwJ2QYClJ
— MC (@CrewsMat10) July 26, 2023
അതേസമയം എഴുപത്തിയെട്ടാം മിനുട്ടിൽ മെസിയെ പിൻവലിച്ചതിനു ശേഷം അമ്പരപ്പിക്കുന്ന കാഴ്ച്ചകൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മെസി കളത്തിൽ നിന്നും പോയതോടെ മത്സരം കണ്ടിരുന്ന ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയം വിടുന്നതാണ് കണ്ടത്. അതുവരെ നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന സ്റ്റേഡിയത്തിൽ നിന്നും വലിയൊരു വിഭാഗം ആരാധകരും പുറത്തു പോയി. മെസിയെ കാണാൻ വേണ്ടി മാത്രമാണ് ഇത്രയും പേർ സ്റ്റേഡിയത്തിൽ എത്തിയതെന്ന് അതിൽ നിന്നും വ്യക്തമാണ്.
ഒരു ഫുട്ബോൾ താരമെന്ന നിലയിൽ ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന ലയണൽ മെസിക്ക് ആരാധകരുടെ ഇടയിൽ എത്ര സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്ന കാഴ്‌ചയായിരുന്നു അത്. ഇന്റർ മിയാമിയുടെ ആരാധകരല്ല, മറിച്ച് ലയണൽ മെസിയെ ആരാധിക്കുന്നവരാണ് ടീം ജേഴ്‌സിയുമിട്ട് സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്നിരുന്നത്. ലയണൽ മെസി അമേരിക്കയിൽ പുതിയൊരു വിപ്ലവമാണ് സൃഷ്‌ടിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തം.
Fans Leaving Stadium After Messi Substitution