ഇതിലും നല്ലത് ഗോളിയുടെ കണ്ണുകെട്ടി പെനാൽറ്റി അടിക്കുന്നത്, പുതിയ പെനാൽറ്റി നിയമത്തിനെതിരെ പ്രതിഷേധം
മാരകമായ സേവുകൾ നടത്തി ടീമിനെ രക്ഷിക്കുമെങ്കിലും മറ്റുള്ള താരങ്ങൾക്ക് ലഭിക്കുന്ന പ്രശംസ പലപ്പോഴും ഗോൾകീപ്പർമാർക്ക് ലഭിക്കാറില്ല. ഗോൾകീപ്പർമാർ ഹീറോയായി മാറുന്നത് പെനാൽറ്റി ഷൂട്ടൗട്ടിലാണ്. ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി എമിലിയാനോ മാർട്ടിനസ് മാറിയത് രണ്ടു പെനാൽറ്റി ഷൂട്ടൗട്ടിൽ ടീമിനെ രക്ഷിച്ചതിന്റെ പേരിലാണ്. എന്നാൽ അത് പെനാൽറ്റി നിയമങ്ങളിൽ വലിയ മാറ്റം വരുത്തുന്നതിനു തന്നെ കാരണമായിട്ടുണ്ട്.
ലോകകപ്പിൽ നടന്ന രണ്ടു ഷൂട്ടൗട്ടുകളിലും അർജന്റീന വിജയം നേടാൻ കാരണം എമിലിയാനോ മാർട്ടിനസ് തന്നെയാണ്. എതിരാളികളുടെ മനസ്സാന്നിധ്യം നഷ്ടപെടുത്തുന്ന താരത്തിന്റെ മൈൻഡ് ഗെയിമും അതിനു സഹായിച്ചിട്ടുണ്ട്. എന്നാൽ ലോകകപ്പ് ഫൈനലിലെ താരത്തിന്റെ മൈൻഡ് ഗെയിം ഏറെ വിമർശനങ്ങൾക്ക് കാരണമായി. അതിനു പിന്നാലെയാണ് പെനാൽറ്റി എടുക്കുമ്പോൾ ഗോൾകീപ്പർമാർക്കുള്ള സ്വാതന്ത്ര്യം ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഇല്ലാതാക്കാൻ തീരുമാനിച്ചത്.
🚨🧤𝐎𝐅𝐅𝐈𝐂𝐈𝐀𝐋 | From July 1st, IFAB rule changes have prevented goalkeepers from taunting during penalties.
— EuroFoot (@eurofootcom) March 25, 2023
➤ GKs cannot touch goalposts & nets
➤ Delay execution of penalty
➤ Unfairly distract the taker
➤ Behaviours that fail to show respect pic.twitter.com/2DAexoKSMT
നിലവിലെ നിയമങ്ങൾ പ്രകാരം പെനാൽറ്റി തടുക്കാൻ നിൽക്കുന്ന ഗോൾകീപ്പർമാർ ഗോൾവലയിലോ പോസ്റ്റിലോ തൊടാൻ പാടില്ല. അതിനു പുറമെ പെനാൽറ്റി എടുക്കുന്നതിനുള്ള സമയം വൈകിപ്പിക്കാനുള്ള യാതൊരു പ്രവർത്തനവും ഗോളി നടത്തരുത്. ഗോൾകീപ്പർമാർ പെനാൽറ്റി എടുക്കുന്ന താരങ്ങളുടെ മനസ്സാന്നിധ്യം കളയാനുള്ള യാതൊരു പ്രവർത്തനങ്ങളും നടത്താൻ പാടുള്ളതല്ല. പെനാൽറ്റി എടുക്കുന്ന താരത്തോട് മര്യാദകേടുള്ള പെരുമാറ്റവും ഗോളി നടത്തരുത്. ജൂലൈ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
അതേസമയം ഈ നിയമത്തിനെതിരെ ആരാധകർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫുട്ബോളിൽ ഗോൾകീപ്പർമാർക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഈ നിയമമെന്നാണ് അവർ പറയുന്നത്. മറ്റുള്ള താരങ്ങളും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നും ഗോൾകീപ്പർമാരെ ഇതുപോലെ അടച്ചു പൂട്ടി വെക്കുന്നത് ശരിയല്ലെന്നും പലരും പറയുന്നു. ഇതിനേക്കാൾ നല്ലത് ഗോളിയുടെ കണ്ണ് കെട്ടിയിട്ടോ, കൈ കെട്ടിയിട്ടോ പെനാൽറ്റി എടുക്കണമെന്ന് പറയുന്നതാണെന്നും ചിലർ പ്രതികരിക്കുന്നു.