അർഹതപ്പെട്ട പലർക്കും സ്ഥാനം ലഭിച്ചില്ല, ഫിഫ ബെസ്റ്റ് നോമിനേഷനെതിരെ വ്യാപകമായ പ്രതിഷേധം | FIFA Best

ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള താരങ്ങളുടെ അന്തിമലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടപ്പോൾ അതിൽ ഉൾപ്പെടുത്തിയ താരങ്ങളെ ചൊല്ലി വിമർശം ശക്തമാകുന്നു. അർഹതയുള്ള പലരെയും തഴഞ്ഞ് അർഹതയില്ലാത്ത താരങ്ങളെ പലരെയും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഉൾപ്പെടുത്തിയെന്ന പരാതിയാണ് ശക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് പന്ത്രണ്ടു പേരുടെ അന്തിമ പട്ടിക പുറത്തു വന്നത്.

ലയണൽ മെസി, ജൂലിയൻ അൽവാരസ്, കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ്, മാഴ്‌സലോ ബ്രോസോവിച്ച്, കെവിൻ ഡി ബ്രൂയ്ൻ, ഇൽകെയ് ഗുൻഡോഗൻ, റോഡ്രി, ക്വിഷ ക്വാററ്റ്‌സ്ഖേലിയ, വിക്റ്റർ ഓസിംഹൻ, ഡെക്ലൻ റൈസ്, ബെർണാഡോ സിൽവ എന്നിവരാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ പല താരങ്ങളും അർഹതയില്ലാതെ കടന്നു കൂടിയെന്നും ഇതിന്റെ മാനദണ്ഡങ്ങൾ പോലും ശരിയല്ലെന്നുമുള്ള വിമർശനം ഉയരുന്നു.

ഖത്തർ ലോകകപ്പ് അവസാനിച്ചതിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് അവാർഡിനായി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിൽ ലിസ്റ്റിലുള്ള താരങ്ങളേക്കാൾ അർഹതയുള്ള മറ്റു താരങ്ങളുണ്ട്, ബ്രോസവിച്ചിനെ അപേക്ഷിച്ച് കൂടുതൽ അർഹനായ താരം ലൗടാരോ മാർട്ടിനസ് ആയിരുന്നു. ലോകകപ്പിൽ നിറം മങ്ങിയെങ്കിലും അതിനു ശേഷം താരം നടത്തിയ പ്രകടനമാണ് ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിച്ചത്.

ഇതിനു പുറമെ ലയണൽ മെസി, എംബാപ്പെ, എന്നിവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ കാര്യത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. ലോകകപ്പ് ഉൾപ്പെടുത്താതിരിക്കുമ്പോൾ മെസി ഇക്കാലയളവിൽ നേടിയത് ഒരു ലീഗ് കിരീടവും അതിനു ശേഷം ഇന്റർ മിയാമിക്കൊപ്പം ഒരു കിരീടവുമാണ്. എംബാപ്പയുടെ പേരിലും ഒരു ലീഗ് കിരീടം മാത്രമേയുള്ളൂ. അങ്ങിനെയാണെങ്കിൽ ഇതിനേക്കാൾ ആധികാരികമായി ലാ ലിഗ നേടിയ ബാഴ്‌സലോണ താരം ലെവൻഡോസ്‌കിയും ലിസ്റ്റിൽ ഉണ്ടാകേണ്ടതാണ്.

ഇംഗ്ലണ്ട് താരമായ ഡിക്ലൻ റൈസ് കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിനെ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്താണ് ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇത് ശരിയായില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. റൈസിനെ അവാർഡിന് പരിഗണിക്കാമെങ്കിൽ അതിനേക്കാൾ അർഹതയുള്ള മറ്റു താരങ്ങൾ തീർച്ചയായും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇക്കാര്യത്തിൽ വലിയ ചർച്ചയും പ്രതിഷേധവും ഉണ്ടായി വരുന്നുണ്ട്.

Fans Slams FIFA Best Awards Nominees List