കുഞ്ഞൻ ടീമിനെതിരെ പെനാൽറ്റി നേടാൻ ഡൈവിങ്, റൊണാൾഡോയെ കളിയാക്കി ആരാധകർ
സൗദി അറേബ്യയിൽ മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിനൊപ്പവും അതാവർത്തിക്കുകയാണ്. ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ടു യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ പോർച്ചുഗൽ പത്ത് ഗോളുകൾ നേടി വിജയം സ്വന്തമാക്കിയപ്പോൾ അതിൽ നാല് ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു. ഇതോടെ കരിയർ ഗോളുകളുടെ എണ്ണത്തിലും ഇന്റർനാഷണൽ ഗോളുകളുടെ എണ്ണത്തിലും തനിക്കുള്ള റെക്കോർഡ് താരം മെച്ചപ്പെടുത്തി.
ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളാണ് റൊണാൾഡോ നേടിയത്. ഒൻപതാം മിനുട്ടിൽ മെൻഡസിന്റെ ഹെഡർ പാസ് തട്ടിയിട്ട് പോർച്ചുഗലിന്റെ ആദ്യത്തെ ഗോൾ നേടിയ റൊണാൾഡോ അതിനു ശേഷം ആദ്യപകുതിക്ക് മുൻപ് ഒരിക്കൽക്കൂടി ഗോൾ നേടി. ലക്സംബർഗ് പ്രതിരോധത്തിന്റെ പോരായ്മ മുതലെടുത്ത് ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നുമാണ് റൊണാൾഡോ തൻറെ രണ്ടാമത്തെ ഗോൾ നേടിയത്.
The diving is actually for Ronaldo mate😭 pic.twitter.com/V3kx5JNyt4
— tweets (@Topboi_68) March 26, 2023
അതേസമയം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും റൊണാൾഡോയെ ആരാധകർ കളിയാക്കുന്നത് മത്സരത്തിൽ നടത്തിയ ഒരു ഡൈവിന്റെ പേരിലാണ്. ഒരു മുന്നേറ്റത്തിനിടയിൽ ലക്സംബർഗ് ഡിഫൻഡർ മാക്സിം ചാനോട്ടിനെ നട്ട്മെഗ് ചെയ്തു പോകുന്നതിനിടയിൽ താരം ബോക്സിൽ വീഴുകയായിരുന്നു. ചാനോട്ടിന്റെ തോളൊന്ന് ചെറുതായി തട്ടിയതിനാണ് റൊണാൾഡോ ബോക്സിൽ വീണത്. പെനാൽറ്റിക്കായി താരം നോക്കിയെങ്കിലും റഫറിയതു മൈൻഡ് ചെയ്തില്ല.
ലോകറാങ്കിങ്ങിൽ തൊണ്ണൂറ്റിരണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ലക്സംബർഗ്. അതുപോലൊരു ടീമിനെതിരെ രണ്ടു ഗോൾ നേടി ഇങ്ങനൊരു ഡൈവ് നടത്തി പെനാൽറ്റി വാങ്ങിയെടുക്കാൻ റൊണാൾഡോ ശ്രമിക്കണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. തന്റെ ഗോൾ റെക്കോർഡ് മെച്ചപ്പെടുത്തണമെന്ന തീവ്രമായ ആഗ്രഹമാണ് ഇതിനു പിന്നിലെന്നും മെസിയത് മറികടക്കുമോയെന്ന പേടി താരത്തിനുണ്ടെന്നും പലരും ഇതേക്കുറിച്ച് അഭിപ്രായപ്പെടുന്നു.