മുൻ അർജന്റീന താരം ചരടുവലികൾ നടത്തും, ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ഇറ്റാലിയൻ ക്ലബ്

ഫുട്ബോൾ ലോകത്ത് ഏറ്റവും ചൂടേറിയ ചർച്ചകളിൽ ഒന്നാണ് ലയണൽ മെസിയുടെ ഭാവി എന്താകുമെന്നത്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. പിഎസ്‌ജി ആരാധകർ എതിരായ സ്ഥിതിക്ക് ക്ലബിനൊപ്പം തുടരാൻ മെസിക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് ആഗ്രഹമെങ്കിലും മെസിയുടെ പ്രായവും വേതനവ്യവസ്ഥകളും കാരണം പെട്ടന്നൊരു തീരുമാനമെടുക്കാൻ ക്ലബുകൾ മടിക്കുന്നു.

അതിനിടയിൽ മെസിക്ക് വേണ്ടി ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അർജന്റീനിയൻ ജേർണലിസ്റ്റ് സെർജിയോ എ ഗോൺസാലസാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തു വിട്ടത്. മുൻ അർജന്റീന താരവും ഇന്റർ മിലൻറെ വൈസ് പ്രസിഡന്റുമായ ഹാവിയർ സനേറ്റി മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ പ്രധാനിയായി പ്രവർത്തിച്ച് താരത്തെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇന്റർ മിലാനെയും മെസിയെയും ചേർത്ത് മുൻപും അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. മെസി ബാഴ്‌സലോണയിൽ കളിച്ചു തുടങ്ങുന്ന കാലത്ത് റെക്കോർഡ് തുക ഇറ്റാലിയൻ ക്ലബ് ഓഫർ ചെയ്‌തെങ്കിലും ബാഴ്‌സലോണ അത് നിഷേധിച്ചു. അന്നത്തെ ആ സ്വപ്‌നം നിറവേറ്റാനുള്ള അവസരമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ മെസിയുടെ പ്രിയപ്പെട്ട ടീമാണ് ഇന്റർ മിലാനെന്നതും ലൗടാരോ മാർട്ടിനസിന്റെ സാന്നിധ്യവും അതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മെസി ഇപ്പോഴും മികച്ച താരമായി തുടരുന്നുണ്ടെങ്കിലും ഭാവിയിലേക്ക് നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ക്ലബുകളൊന്നും താരത്തെ സ്വന്തമാക്കാൻ സാധ്യതയില്ല. മുപ്പത്തിയാറു വയസിലേക്ക് നീങ്ങുന്ന താരം ഒന്നോ രണ്ടോ വർഷം കൂടിയേ ടീമിനൊപ്പം ഉണ്ടാകൂവെന്നതാണ് അതിനു കാരണം. മെസി വന്നാൽ നിലവിലെ പദ്ധതികളിൽ മാറ്റം വരുത്തണമെന്നതും ക്ലബുകൾ പിറകോട്ടു പോകാൻ കാരണമാണ്. അതെല്ലാം മെസിയുടെ ഭാവിയെ സങ്കീർണമാക്കുന്നു.