ഒഡിഷയോട് പകരം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു, ആരാധകരിൽ പ്രതീക്ഷയർപ്പിച്ച് സഹപരിശീലകൻ

മൂന്നു മത്സരങ്ങൾ തുടർച്ചയായി തോറ്റതിനു ശേഷം പിന്നീടു നടന്ന ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ തിരിച്ചു വരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിനെയടക്കം കീഴടക്കി മുന്നേറുന്ന ടീം നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയെയാണ് നേരിടുന്നത്. മികച്ച ഫോമിൽ കുതിക്കുന്ന ടീമിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വിജയം മാത്രമാണ് ലക്‌ഷ്യം.

ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ടീം നാളെ ഇറങ്ങുമ്പോൾ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം കൂടിയാണ് ലക്‌ഷ്യം വെക്കുന്നത്. നിലവിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ടീമിന് ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ വിജയം നേടിയാൽ ഒരേ പോയിന്റുമായി അഞ്ചാമത് നിൽക്കുന്ന ടീമിൽ നിന്നുള്ള ഭീഷണി കുറക്കാനും സഹായിക്കും. അതേസമയം കൊച്ചിയിൽ ഇറങ്ങുമ്പോൾ ആരാധകരുടെ പിന്തുണയിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നു നടന്ന പത്രസമ്മേളനത്തിൽ സഹപരിശീലകൻ ഇഷ്‌ഫാക് അഹമ്മദ് ഇക്കാര്യം പറയുകയും ചെയ്‌തു.

“ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. ഒഡിഷ എഫ്‌സിക്ക് നമ്മുടെ അതെ പോയിന്റാണുള്ളത് എന്നതിനാൽ പ്രത്യേകിച്ചും. ബ്ലാസ്റ്റേഴ്‌സ് നല്ല ഫുട്ബോളാണ് കളിച്ചു കൊണ്ടിരിക്കുന്നത്, എതിരാളികളോട് ബഹുമാനവും കാണിക്കുന്നു. എന്നാൽ ഇത് ഹോം മത്സരമാണ് എന്നതിനാൽ തന്നെ ആരാധകരുടെ പിന്തുണ നമുക്ക് അനുകൂലഘടകമായി മാറും. അത് പോസിറ്റിവായ ഊർജ്ജം തരുന്നതിനാൽ തന്നെ മത്സരത്തിനായി ഇറങ്ങാൻ വളരെ ആത്മവിശ്വാസമുണ്ട്.” ഇഷ്‌ഫാക് അഹമ്മദ് പറഞ്ഞു.

ഈ സീസണിൽ രണ്ടു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരമാണിത്. ഒഡിഷ എഫ്‌സിയുടെ മൈതാനത്തു വെച്ചു നടന്ന ആദ്യത്തെ മത്സരത്തിൽ ഖബ്‌റയുടെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ജെറി, പെഡ്രോ മാർട്ടിൻ എന്നിവരുടെ ഗോളിൽ ഒഡിഷ തിരിച്ചടിച്ച് വിജയം നേടിയിരുന്നു. എന്നാൽ അന്നത്തെ ടീമിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി വിജയം നേടി നാലാം സ്ഥാനത്തിന് ഒഡിഷ എഫ്‌സി ചെലുത്തുന്ന സമ്മർദ്ദത്തിന് അയവു വരുത്തുക എന്നതു തന്നെയാണ് കൊച്ചിയിൽ ഇറങ്ങുമ്പോൾ കൊമ്പന്മാരുടെ ലക്‌ഷ്യം.