മെസിയുടെ കാൽപ്പാടുകൾ പതിഞ്ഞ ക്യാമ്പ് നൂവിനെ കോരിത്തരിപ്പിക്കാൻ മറ്റൊരു അർജന്റീന താരമെത്തി
ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്സലോണക്ക് യൂറോപ്പിലുണ്ടായിരുന്ന ആധിപത്യത്തിന് മങ്ങലേറ്റിരുന്നു. കഴിഞ്ഞ സീസണിൽ പിന്നിൽ നിന്നും കുതിച്ച് ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ബാഴ്സലോണ ഈ സീസണിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായി. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ കളിച്ച ബാഴ്സലോണ ഈ സീസണിൽ യൂറോപ്പ ലീഗ് പ്ലേ ഓഫ് കളിക്കാൻ ഒരുങ്ങുകയാണ്.
ക്ലബ് വിട്ട ലയണൽ മെസിക്ക് പകരക്കാരനായി താരത്തിന്റെ പിൻഗാമിയായി അറിയപ്പെടുന്ന കളിക്കാരനെ ബാഴ്സലോണ സ്വന്തമാക്കുകയുണ്ടായി. അർജന്റീന ക്ലബായ ഫെറോ കാരിൽ ഓയെസ്റ്റയിൽ കളിച്ചിരുന്ന മുന്നേറ്റനിര താരമായ ലൂക്കാസ് റൊമനെയാണ് ബാഴ്സലോണ സ്വന്തം കൂടാരത്തിലെത്തിച്ചിരിക്കുന്നത്. പതിനെട്ടുകാരനായ താരം നിലവിൽ സീനിയർ ടീമിന്റെ ഭാഗമാകില്ല. മെക്സിക്കൻ ഇതിഹാസം റാഫ മാർക്വസ് പരിശീലിപ്പിക്കുന്ന ജൂനിയർ ടീമിലാണ് റോമൻ കളിക്കുക.
ഇടംകാലനായ ലൂക്കാസ് റോമൻ സെന്റർ ഫോർവേഡ്, റൈറ്റ് വിങ്ങർ, മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ്. മൂന്നര വർഷത്തെ കരാറിൽ 2026 വരെയാണ് താരത്തെ ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത്. മറ്റാരും താരത്തെ റാഞ്ചാതിരിക്കാൻ 400 മില്യൺ യൂറോയാണ് ബാഴ്സലോണ റോമൻറെ റിലീസിംഗ് ക്ലോസായി വെച്ചിരിക്കുന്നത്. താരത്തിന്റെ പ്രതിഭയിൽ ക്ലബിനുള്ള വിശ്വാസം ഇത് വ്യക്തമാക്കുന്നു.
Lucas Roman – Welcome to Barcelona pic.twitter.com/rOXWDYsamY
— FCB Canteranos (@fcbcanteranos) January 18, 2023
കളിക്കളത്തിൽ ലയണൽ മെസിയെ ഓർമിപ്പിക്കുന്ന പ്രകടനം നടത്തുന്ന താരമാണ് ലൂക്കാസ് റോമൻ. മികച്ച ഡ്രിബ്ലിങ്ങും എതിർപ്രതിരോധത്തെ കീറി മുറിക്കുന്ന തരത്തിലുള്ള കില്ലർ പാസുകളും നൽകാൻ കഴിയുന്ന താരത്തിനു ഗോളുകൾ നേടാനും അസാമാന്യ കഴിവാണ്. ലപോർട്ട പരിശീലകനായതിനു ശേഷം വീണ്ടും തിളക്കം വീണ്ടെടുത്ത ലാ മാസിയ അക്കാദമി, യൂത്ത് ടീം എന്നിവയിൽ നിന്നും താരം സീനിയർ ടീമിലേക്ക് ഉടനെ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.