ഒരു ടിക്കറ്റിനു ഇരുപത്തിരണ്ടു കോടി, ചരിത്രം കുറിച്ച് മെസി-റൊണാൾഡോ പോരാട്ടം

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു മത്സരമാണ് ഇന്ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. നിരവധി നാളുകൾക്ക് ശേഷം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്ക് നേർ വരുന്നുവെന്നത് തന്നെയാണ് പോരാട്ടത്തിന്റെ പ്രത്യേകത. പിഎസ്‌ജി മിഡിൽ ഈസ്റ്റിൽ നടത്തുന്ന ടൂറിന്റെ ഭാഗമായി റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും മറ്റൊരു സൗദി ക്ലബായ അൽ ഹിലാലും ചേർന്ന ഇലവനെയാണ് അവർ നേരിടുന്നത്.

റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിനാൽ ഇനി ലോകഫുട്ബോളിലെ സൂപ്പർതാരങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കാനുള്ള സാധ്യത വളരെ കുറവാണെന്ന നിരാശയിൽ ആരാധകർ നിൽക്കുമ്പോഴാണ് ഈ മത്സരം വരുന്നത്. സൗദി അറേബ്യയിൽ റൊണാൾഡോയുടെ ആദ്യത്തെ മത്സരമാണിത് എന്നതിനാൽ തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.30നാണു മത്സരം നടക്കുന്നത്.

അതേസമയം ഈ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കി. റൊണാൾഡോയും മെസിയും തമ്മിലുള്ള മത്സരം കാണാൻ 2.2 മില്ല്യൺ പൗണ്ടാണ് ഒരു സൗദി ബിസിനസുകാരൻ മുടക്കിയത്. ഇന്ത്യൻ രൂപ ഇരുപത്തിരണ്ടു കോടിയോളം വരുമിത്. റിയൽ എസ്റ്റേറ്റ് ബിസിനെസ്സുകാരനായ മുഷറഫ് ബിൻ അഹമ്മദ് അൽ ഗാനിയാണ് ഇത്രയും തുക ഒരൊറ്റ ടിക്കറ്റിനായി മുടക്കിയത്. ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഇക്കാര്യം പുറത്തു വിട്ടത്.

2.2 ലക്ഷം പൗണ്ട് എന്ന നിലയിലാണ് ടിക്കറ്റിന്റെ ലേലം ആരംഭിച്ചത്. വിഐപി കാറ്റഗറി ടിക്കറ്റ് എടുത്താൽ മത്സരത്തിന് ശേഷമുള്ള ചടങ്ങ് കാണാനും താരങ്ങളുടെ ഡ്രസിങ് റൂമിൽ പോകാനും കളിക്കാരെ സന്ദർശിക്കാനുമെല്ലാം അവസരമുണ്ടാകും. റൊണാൾഡോ, മെസി, എംബാപ്പെ, നെയ്‌മർ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം മത്സരത്തിൽ അണിനിരക്കുന്നുണ്ടാകും. ഇവരുടെ സാന്നിധ്യം തന്നെയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ കാരണമായത്.