ബ്രസീലിയൻ താരം ഡാനി ആൽവസ് അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകൾ

ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഡാനി ആൽവസ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പേരിലുയർന്ന ലൈംഗികപീഡനാരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടക്കാൻ സാധ്യതയുള്ളത്. വെള്ളിയാഴ്‌ച കാറ്റലൻ പോലീസ് താരത്തെ കസ്റ്റഡിയിൽ എടുക്കുമെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ മെക്‌സിക്കൻ ക്ലബായ പ്യൂമസിനു വേണ്ടിയാണ് ഡാനി ആൽവസ് കളിക്കുന്നത്. എന്നാൽ താരത്തിന്റെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ താരം കഴിഞ്ഞ വർഷത്തിന്റെ അവസാനം സ്പെയിനിൽ എത്തിയിരുന്നു. ആ സമയത്ത് ഡിസംബർ മുപ്പതിനാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഡാനി ആൽവസ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിഷേധിച്ചിരുന്നു.

സംഭവം നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നുവെന്ന് ഡാനി ആൽവസ് സമ്മതിച്ചിരുന്നു. എന്നാൽ താനവിടെ ഡാൻസ് ചെയ്‌ത്‌ ആസ്വദിക്കുകയായിരുന്നുവെന്നും മറ്റുള്ളവരുടെ കാര്യത്തിൽ യാതൊരു തരത്തിലും ഇടപെടാൻ പോയിട്ടില്ലെന്നും താരം പറഞ്ഞു. എന്നാൽ തന്റെ ശരീരത്തിൽ സമ്മതമില്ലാതെ ഡാനി ആൽവസ് സ്പർശിച്ചുവെന്നാണ് പരാതി നൽകിയ യുവതി പറഞ്ഞത്. പരാതി നൽകിയ യുവതിയുടെ വിവരങ്ങളൊന്നും പുറത്തായിട്ടില്ല.

നാല്‌പതുകാരനായ ഡാനി ആൽവസ് ഇക്കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം ഉണ്ടായിരുന്നു. കാമറൂണിനെതിരെ നടന്ന മത്സരത്തിൽ ടീമിനെ നയിച്ച താരം ലോകകപ്പിൽ ബ്രസീൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന നേട്ടവും ലോകകപ്പിൽ ബ്രസീലിനായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കുകയും ചെയ്‌തു. ഇതുവരെയും ബ്രസീൽ ടീമിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.