ഫെഡോർ ഷെർണിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയേറുന്നു, എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആശങ്കപ്പെടേണ്ട കാര്യമില്ല | Fedor Cernych

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരമാണ് ഫെഡോർ ഷെർണിച്ച്. യൂറോപ്പിലെ വമ്പൻ ടീമുകൾക്കെതിരെ കളിച്ചു പരിചയമുള്ള ലിത്വാനിയൻ താരത്തിന്റെ വരവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ താരം ടീമിനായി അരങ്ങേറ്റം നടത്തുകയും ചെയ്‌തു.

എന്നാൽ ലിത്വാനിയൻ താരം സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ടെന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിരാശയുണ്ടാക്കിയ കാര്യമാണ്. അടുത്ത മാസം ലിത്വാനിയക്ക് യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരം കളിക്കാനുള്ളതിനാൽ ടീമിന്റെ നായകനായ ഫെഡോർ ഷെർണിച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ട് ദേശീയ ടീമിനൊപ്പം ചേരാനുള്ള സാധ്യത വളരെക്കൂടുതലാണ്.

എന്നാൽ ഫെഡോർ ഷെർണിച്ച് ദേശീയ ടീമിനൊപ്പം ചേർന്നാലും അത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കാൻ സാധ്യതയില്ല. മാർച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ അവസാനത്തെ രണ്ടു മത്സരങ്ങൾ വരുന്നത് പതിമൂന്നിന് മോഹൻ ബഗാനെതിരെയും അതിനു ശേഷം മുപ്പതിന് ജംഷഡ്‌പൂറിനെതിരെയുമാണ്. ഈ രണ്ടു മത്സരങ്ങൾക്കിടയിലുള്ള ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരവും കളിക്കുന്നില്ല.

അതേസമയം ലിത്വാനിയൻ ടീമിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ വരുന്നത് മാർച്ച് ഇരുപത്തിരണ്ടിനും ഇരുപത്തിയാറിനുമാണ്. അതുകൊണ്ടു തന്നെ ദേശീയ ടീമിനൊപ്പം ചേരാനും മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം അടുത്ത മത്സരത്തിൽ പങ്കെടുക്കാനും ഷെർണിച്ചിന് സമയമുണ്ട്. താരത്തിന് പരിക്ക് പറ്റിയാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടേണ്ടി വരികയുള്ളൂ.

കഴിഞ്ഞ മത്സരത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് ഫെഡോർ ഷെർണിച്ച് കളത്തിലിറങ്ങിയത്. എന്നാൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വളരെയധികം പരിചയസമ്പന്നനായ താരം ടീമിനെ മുന്നോട്ടു നയിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Fedor Cernych May Join With National Team Next Month