യൂറോപ്യൻ ക്ലബുകളിൽ നിന്നു പോലും ഇതുപോലെയൊരു അനുഭവം ഉണ്ടായിട്ടില്ല, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ഫെഡോർ സെർനിച്ച് | Fedor Cernych

ഡിസംബറിൽ പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് സീസൺ മുഴുവൻ നഷ്‌ടമാകാൻ സാധ്യതയുണ്ടെന്നു വ്യക്തമായതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തീർത്തും അപ്രതീക്ഷിതമായ ഒരു സൈനിങ്‌ നടത്തിയത്. യൂറോപ്യൻ രാജ്യമായ ലിത്വാനിയയുടെ നായകനായ, നിരവധി വമ്പൻ പോരാട്ടങ്ങൾ കളിച്ചു പരിചയമുള്ള ഫെഡോർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ അടക്കമുള്ള വമ്പൻ പോരാട്ടങ്ങൾ കളിച്ചു പരിചയമുള്ള, മികച്ച ഗോളുകൾ നേടിയിട്ടുള്ള താരമായതിനാൽ തന്നെ ഫെഡോറിനു ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ സ്വീകരണം മികച്ചതായിരുന്നു. ബ്ലാസ്റ്റേഴ്‌സിനൊപ്പം അടുത്ത ദിവസം ആദ്യത്തെ മത്സരം കളിക്കാൻ തയ്യാറെടുക്കുന്ന താരം കഴിഞ്ഞ ദിവസം ആരാധകർ നൽകിയ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“സത്യസന്ധമായി തന്നെ പറയട്ടെ, ഇവിടെ എനിക്ക് ലഭിച്ച സ്വീകരണം പോലെ മറ്റൊരു ക്ലബും എന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു അത്. എയർപോർട്ടിൽ എത്തിയതു മുതൽ ആരാധകർ ഒപ്പമുണ്ടായിരുന്നത് അവിശ്വസനീയമായ ഒന്നായിരുന്നു. അവർക്കൊപ്പം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. കയ്യടിച്ചും ചാന്റ് ചെയ്‌തും ഞാൻ അവർക്കൊപ്പം നടന്നു.” സെർനിച്ച് പറഞ്ഞു.

ഇതുവരെ മറ്റൊരു വിദേശതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലിത്വാനിയൻ നായകനു നൽകിയിരിക്കുന്നത്. വെറും ഏഴായിരം ഉണ്ടായിരുന്ന സെർനിച്ചിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടു ലക്ഷത്തോടടുക്കുന്നത് ഇതിനു തെളിവാണ്. ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപ് ഒരു താരത്തിന് ഇത്രയും പിന്തുണ ലഭിക്കുന്നത് ആദ്യമായാണ്.

എന്തായാലും ആരാധകർ നൽകിയ പിന്തുണക്കൊപ്പം വലിയ ഉത്തരവാദിത്വവും താരത്തിനുണ്ട്. ഇതുവരെ ടീമിനൊപ്പം ഉണ്ടായിരുന്ന, മികച്ച പ്രകടനം നടത്തിയിരുന്ന ഘാന താരമായ പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ അതിനു പകരക്കാരനായി കളിക്കേണ്ടത് ഫെഡോറാണ്. ഐഎസ്എല്ലിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിനായി മികച്ച പ്രകടനം തന്നെ ഫെഡോർ നടത്തേണ്ടതുണ്ട്.

Fedor Cernych On Kerala Blasters Fans Reception