കൊച്ചിയിലെ കാണികൾ ഞെട്ടിച്ചു, കരിയറിലിൽ ഇതുവരെയുണ്ടായ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണെന്ന് ഫെഡോർ ചെർണിച്ച് | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആരാധകർ തീർക്കുന്ന അന്തരീക്ഷത്തെ പ്രശംസ കൊണ്ടു മൂടി ടീമിന്റെ വിദേശതാരമായ ഫെഡോർ ചെർണിച്ച്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ഇതുവരെ മൂന്നു മത്സരങ്ങളിലാണ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയിട്ടുള്ളത്.

എന്റെ കരിയറിൽ, കളിക്കുന്ന സമയത്ത് എനിക്കുണ്ടായിട്ടുള്ള ഏറ്റവും മികച്ച സ്റ്റേഡിയം അന്തരീക്ഷങ്ങളിൽ ഒന്നാണിത്. ആരാധകർ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയത്തെ പിടിച്ചു കുലുക്കുക തന്നെയാണ്. മൈതാനത്ത് പന്ത്രണ്ടാമനെന്നതു പോലെയാണ് അവർ നിൽക്കുന്നത്. ഇതുപോലെയൊരു അന്തരീക്ഷം സ്റ്റേഡിയത്തിൽ ഉണ്ടാക്കുന്നതിനു അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ചെർണിച്ച് പറഞ്ഞു.

യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ് തുടങ്ങിയവയുടെ യോഗ്യത മത്സരങ്ങളിൽ യൂറോപ്പിലെ വമ്പൻ ടീമുകൾക്കെതിരെ കളിക്കാനിറങ്ങിയിട്ടുള്ള താരമാണ് ഫെഡോർ ചെർണിച്ച്. താൻ കളിച്ച പല മത്സരങ്ങളിലും ഉണ്ടായിട്ടുള്ള മികച്ച സ്റ്റേഡിയം അന്തരീക്ഷത്തിനു സമമാണ് കൊച്ചിയിലെന്ന് അദ്ദേഹം പറയുമ്പോൾ അത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അഭിമാനിക്കാൻ വക നൽകുന്ന കാര്യം തന്നെയാണ്.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ലിത്വാനിയക്ക് വേണ്ടി യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളിൽ ഫെഡോർ കളിക്കാനിറങ്ങിയിരുന്നു. രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരം ടീമിനെ പ്ലേ ഓഫിൽ നിന്നും മുന്നേറാൻ സഹായിച്ചു. അതിനു ശേഷം ഇന്നലെ നേരെ ജംഷെദ്‌പൂരിൽ എത്തിയ താരം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്.

ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയാണ് ഫെഡോർ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേർന്നത് എന്നതിനാൽ ആരാധകർ പ്രതീക്ഷയിലാണ്. ബ്ലാസ്റ്റേഴ്‌സിനും ദേശീയ ടീമിനുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നു ഗോളുകളിൽ പങ്കാളിയായ താരത്തിന് തന്റെ പ്രകടനം മെച്ചപ്പെടുത്താനും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ടു കുതിക്കാൻ സഹായിക്കാനും കഴിയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Fedor Cernych Praise Kerala Blasters Fans