അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരണം, കേരളവും ആരാധകരും ചെർണിച്ചിന് പ്രിയപ്പെട്ടതായിരിക്കുന്നു | Fedor Cernych

ഒരുപാട് അഭ്യൂഹങ്ങളുടെ ഇടയിൽ തീർത്തും അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച സൈനിങാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർണിച്ചിന്റേത്. അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ അതിനു പകരക്കാരനായി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമിപ്പോൾ ആറു മത്സരങ്ങൾ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു യൂറോപ്യൻ രാജ്യത്തിന്റെ നായകനെ ഏതെങ്കിലും ക്ലബ് സ്വന്തമാക്കുന്നത്. വളരെ പ്രധാനപ്പെട്ട സൈനിങ്‌ ആണെങ്കിലും ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമാണ് ഫെഡോറിന്റെ കരാർ ബാക്കിയുള്ളത്. എന്നാൽ ഈ സീസൺ കഴിഞ്ഞാലും കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം താരം വ്യക്തമാക്കി.

“ഞാനും എന്റെ കുടുംബവും ഇവിടുത്തെ ജീവിതം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് പറയുന്നതാണ് ശരിയായ കാര്യം. ഇവിടെ ഞങ്ങൾ വളരെയധികം കംഫർട്ടബിളാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തായാലും സീസണിന്റെ അവസാനത്തിൽ എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം.” ചെർണിച്ച് പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയാൽ മികച്ച പ്രകടനം നടത്താൻ ചെർണിച്ചിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തന്നെ ഭേദപ്പെട്ട പ്രകടനം താരം ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നടത്തുന്നുണ്ട്. അവിശ്വനീയമായ രീതിയിൽ ഗോളുകൾ നേടാൻ കഴിവുള്ള താരം ടീമുമായും സാഹചര്യങ്ങളുമായും കൂടുതൽ ഒത്തിണങ്ങിയാൽ മിന്നുന്ന പ്രകടനം തന്നെ നടത്തും.

എന്നാൽ ചെർണിച്ചിനെ നിലനിർത്തുക ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിദേശതാരങ്ങളുടെ എണ്ണത്തിലുള്ള പരിമിതി തന്നെയാണ് അതിനു തടസം. അടുത്ത സീസണിൽ ലൂണ, ദിമിത്രിയോസ്, സദൂയി, പെപ്ര, ഡ്രിൻസിച്ച്, സോട്ടിരിയോ എന്നീ താരങ്ങൾ ടീമിനൊപ്പം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ അതിലേക്ക് ചെർണിച്ചിനെ കൂടി ഉൾപ്പെടുത്തുക ദുഷ്കരമാകും.

Fedor Cernych Wants To Stay With Kerala Blasters