ഓഫ്‌സൈഡ് നിയമത്തിൽ വമ്പൻ മാറ്റം തീരുമാനിച്ച് ഫിഫ, ഇനി മത്സരങ്ങളിൽ ഗോൾമഴ പെയ്യും | FIFA

ഫുട്ബോളിലെ പല നിയമങ്ങളും കാലാനുവർത്തിയായ മാറ്റങ്ങൾക്ക് വിധേയമായി വരാറുണ്ട്. അതുപോലെ തന്നെ സാങ്കേതികമായ പല കാര്യങ്ങളും ഫുട്ബോളിലെ പിഴവുകൾ ലഘൂകരിക്കാൻ ഉപയോഗിക്കുന്നു. ഗോൾലൈൻ ടെക്‌നോളജി, വീഡിയോ അസിസ്റ്റന്റ് റഫറി തുടങ്ങിയവയെല്ലാം ഇത്തരത്തിൽ വന്ന മാറ്റങ്ങളാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉണ്ടാകാറുണ്ട്.

ഓഫ്‌സൈഡ് നിയമത്തിൽ ഫിഫ അംഗീകരിച്ച പുതിയ മാറ്റം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വെക്കാൻ സാധ്യതയുണ്ട്. നിലവിൽ ഒരു കളിക്കാരന്റെ നിയമാനുസൃതമായി ഗോളടിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു ശരീരഭാഗം ഡിഫെൻസിവ് ലൈനിന്റെ മുന്നിൽ കടന്നാൽ അത് ഓഫ്‌സൈഡായി മാറും. അതിനാൽ തന്നെ നേരിയ വ്യത്യാസത്തിൽ പല താരങ്ങൾക്കും ഗോളുകൾ നഷ്‌ടപ്പെടാറുണ്ട്.

എന്നാൽ പുതിയതായി അംഗീകരിച്ച നിയമത്തിൽ ഒരു കളിക്കാരന്റെ ശരീരത്തിന്റെ എല്ലാ ഭാഗവും ഡിഫെൻസിവ് ലൈനിന്റെ മുന്നിൽ കടന്നാൽ മാത്രമേ ഓഫ്‌സൈഡായി കണക്കാക്കൂ. ഉദാഹരണം പറഞ്ഞാൽ ഒരു താരത്തിന്റെ കാൽപ്പാദം മാത്രം ഡിഫെൻസിവ് ലൈനിനു പിന്നിലും ബാക്കി ഭാഗങ്ങൾ മുന്നിലുമാണെങ്കിൽ നേരത്തെ ഓഫ്‌സൈഡ് ആയിരുന്നെങ്കിൽ ഇപ്പോൾ അത് ഓഫ്‌സൈഡായി കണക്കാക്കില്ല.

ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ടെങ്കിലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റലി, ഹോളണ്ട്, സ്വീഡൻ എന്നിവിടങ്ങളിലാണ് ഈ നിയമം ആദ്യമായി നടപ്പിലാക്കുക. അതിനു ശേഷം പരിശോധിച്ച് ഇത് സാർവത്രികമാക്കും. എന്തായാലും ആക്രമണനിര താരങ്ങൾക്ക് ഗോളുകൾ അടിച്ചു കൂട്ടാൻ സഹായിക്കുന്ന നിയമമാണ് ഇതെന്നതിനാൽ തന്നെ പല രീതിയിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

FIFA Has Approved A New Offside Law