പ്രിയപ്പെട്ട പരിശീലകൻ തന്നെ മെസിക്ക് മുന്നറിയിപ്പ് നൽകി, അമേരിക്കയിൽ ഒന്നും എളുപ്പമാകില്ല | Messi

ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നതിന്റെ അരികിലാണ് ലയണൽ മെസി. ഇതുവരെയും താരത്തെ സ്വന്തമാക്കിയ വിവരം ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ പകുതിയോടെ താരത്തിന്റെ സൈനിങ്‌ അമേരിക്കൻ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജൂലൈ ഇരുപത്തിയൊന്നിന് താരം ഇന്റർ മിയാമിക്കായി ആദ്യത്തെ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടയിൽ മെസിയുടെ പ്രിയപ്പെട്ട പരിശീലകനെ ഇന്റർ മിയാമി ടീമിലെത്തിച്ചിട്ടുണ്ട്. മെസിയെ ബാഴ്‌സലോണ, അർജന്റീന ടീമുകളിൽ പരിശീലിപ്പിച്ചിട്ടുള്ള എംഎൽഎസിൽ മുൻപ് പരിശീലകനായി ഇരുന്നിട്ടുള്ള ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായി എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം മെസിക്കും ബുസ്‌ക്വറ്റ്‌സിനും മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

“ഇന്നലെ ഞാൻ സെർജിയോയുമായി സംസാരിച്ചു, കൂടാതെ ലിയോയുമായി സംസാരിച്ചപ്പോൾ, വിജയം നേടാനും മത്സരിക്കാനും നന്നായി കളിക്കാനും കഴിയണമെന്നാണ് പറഞ്ഞത്. വ്യക്തിപരമായ തലത്തിൽ പോലും അത് സംഭവിക്കുന്നു. ചിലപ്പോൾ മിയാമി അവധിക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങൾ മത്സരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.” മാർട്ടിനോ പറഞ്ഞു.

ലോകചാമ്പ്യനായും ലാ ലീഗയിലെ ചാമ്പ്യനായും വരുന്ന മെസി, ബുസ്‌ക്വറ്റസ് എന്നിവർക്ക് മത്സരിക്കാനുള്ള ആവേശം എല്ലായിപ്പോഴും ഉള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും മെസിക്കും ബുസിക്കും മുന്നിൽ വലിയൊരു ചുമതലയാണ് മാർട്ടിനോ വെച്ചിരിക്കുന്നത്. മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ ഇവർക്ക് കഴിയുമോയെന്ന് കണ്ടറിയുക തന്നെ വേണം.

Tata Martino Send Warning To Messi And Busquets