എംബാപ്പെക്ക് തുടരണം, പിഎസ്‌ജിക്ക് വിൽക്കണം, വാങ്ങാൻ റയൽ മാഡ്രിഡിനു താൽപര്യമില്ല | Mbappe

അടുത്ത സീസണിൽ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാൻ യാതൊരു താൽപര്യവും ഇല്ലെന്ന് എംബാപ്പെ പിഎസ്‌ജി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞിരുന്നു. നേരത്തെ കരാർ അവസാനിച്ചപ്പോൾ തന്നെ വളരെ ബുദ്ധിമുട്ടിയാണ് ഫ്രഞ്ച് താരത്തെ പിഎസ്‌ജി നിലനിർത്തിയത്. ഇത്തവണ നേരത്തെ തന്നെ തന്റെ നിലപാട് താരം വ്യക്തമാക്കിയതിനാൽ ഇനി തുടരില്ലെന്ന കാര്യം ഉറപ്പാണ്.

അടുത്ത സമ്മറിൽ കരാർ അവസാനിക്കുമെന്നതിനാൽ തന്നെ താരത്തെ ഈ സമ്മറിൽ തന്നെ പിഎസ്‌ജിക്ക് വിൽക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ അതത്ര എളുപ്പമാവാൻ യാതൊരു സാധ്യതയുമില്ല. ഒരു സീസൺ കൂടി പിഎസ്‌ജിയിൽ തുടരാമെന്നാണ് എംബാപ്പെ പറയുന്നത്. അതേസമയം താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് താൽപര്യപ്പെടുന്നുമില്ല.

എംബാപ്പയെ സംബന്ധിച്ച് അടുത്ത ലക്‌ഷ്യം റയൽ മാഡ്രിഡ് തന്നെയാണ്. ഈ സമ്മറിൽ റയൽ മാഡ്രിഡ് തന്നെ സ്വന്തമാക്കുന്നില്ലായെങ്കിൽ ഫ്രാൻസിൽ തന്നെ തുടർന്ന് അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി താരം ക്ലബ് വിടാനാണ് ഉദ്ദേശിക്കുന്നത്. റയൽ മാഡ്രിഡിനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ഏജന്റായി ലഭിക്കുമ്പോൾ പിഎസ്‌ജിക്കത് കനത്ത നഷ്‌ടമായി മാറും.

ഇപ്പോൾ പിഎസ്‌ജിയാണ് വലിയ തിരിച്ചടിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതിനാൽ അവർ ഫ്രഞ്ച് താരത്തെ വിൽക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു താരത്തിന് മേൽ അവർ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. താരം മറ്റൊരു ക്ലബിലേക്കും ചേക്കേറാൻ തയ്യാറാവില്ല എന്നതിനാൽ തന്നെ ചിലപ്പോൾ താരത്തെ റയലിന് വില കുറച്ചു നൽകാനും അവർ തയ്യാറാകേണ്ടി വന്നേക്കാം.

PSG Want To Sell Mbappe But Real Not Ready To Buy