കരാർ അവസാനിച്ചു, ഡി ഗിയയടക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് ആറു താരങ്ങൾ | Man Utd

കഴിഞ്ഞ ദിവസം കരാർ അവസാനിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് ആറു താരങ്ങൾ. ഇതിൽ മൂന്നു താരങ്ങൾ ഫസ്റ്റ് ടീമിന്റെയും മൂന്നു താരങ്ങൾ യൂത്ത് ടീമിന്റെയും ഭാഗമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് ടീമിൽ നടത്തുന്ന അഴിച്ചുപണികളുടെ കൂടി ഭാഗമായാണ് ഇത്രയും താരങ്ങളുടെ കരാർ പുതുക്കാതെ ക്ലബ് വിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയയാണ് ടീം വിടുന്നതിൽ പ്രധാനി. നിരവധി വർഷങ്ങളായി ടീമിനൊപ്പമുള്ള കളിക്കാരനാണ് ഡി ഗിയ. ഇതിനു പുറമെ നിരവധി വർഷങ്ങളായി ടീമിന്റെ കൂടെ തുടരുന്ന പ്രതിരോധതാരമായ ഫിൽ ജോൺസും ക്ലബ് വിടുന്നുണ്ട്. ആക്സെൽ ടുവാൻസുബെയാണ് ഫസ്റ്റ് ടീമിൽ ഉണ്ടായിരുന്ന ടീം വിടുന്ന മറ്റൊരു പ്രധാനപ്പെട്ട കളിക്കാരൻ.

ഡി ഗിയ ടീമിന് പ്രധാനപ്പെട്ട താരമാണെന്നും നിലനിർത്തുമെന്നും പരിശീലകൻ പറഞ്ഞിരുന്നു. താരത്തിന്റെ പ്രതിഫലം കുറച്ചു കൊണ്ടുള്ള പുതിയ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെക്കുകയും ചെയ്‌തു. എന്നാൽ അതിൽ നിന്നും ക്ലബ് പിൻമാറിയത് താരത്തിന് പുറത്തേക്കുള്ള വഴി തുറന്നു. അതേസമയം ഫിൽ ജോൺസിനും ടുവാൻസുബെക്കും എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ അവസരങ്ങൾ ഇല്ല.

ഡി ഗിയക്ക് പകരമായി അയാക്‌സിൽ ടെൻ ഹാഗിനു കീഴിൽ കളിച്ചിട്ടുള്ള ആന്ദ്രേ ഒനാനയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്. മേസൺ മൗണ്ടിനെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ചില പൊസിഷനിലേക്ക് കൂടി താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഏഥൻ ഗാൽബ്രെയ്ത്ത്, ചാർളീ വെല്ലൻസ്‌, ഡിഷൊൻ ബെർണാഡ് എന്നിവരാണ് ടീം വിടുന്ന മറ്റു താരങ്ങൾ.

Six Players Leaving From Man Utd As Free Agent