അവിശ്വസനീയമായ നീക്കം, സ്‌ക്വാഡിലെ മുഴുവൻ താരങ്ങളെയും വിൽപ്പനയ്ക്കു വെച്ച് സ്‌പാനിഷ്‌ ക്ലബ് സെവിയ്യ | Sevilla

സ്പെയിനിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ സെവിയ്യ യൂറോപ്പ ലീഗിലെ രാജാക്കന്മാരായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മൗറീന്യോ പരിശീലകനായ റോമയെ കീഴടക്കി യൂറോപ്പ ലീഗ് കിരീടം നേടിയ അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരിക്കുന്നത്.

എന്നാൽ ഈ നേട്ടങ്ങളുടെ ഇടയിലും സെവിയ്യ പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളാണ് സെവിയ്യക്ക് തിരിച്ചടി നൽകുന്നത്. അതുകൊണ്ടു തന്നെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെ എല്ലാ താരങ്ങളെയും സെവിയ്യ വിൽപ്പനക്ക് വെച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്ലബിന്റെ കടം തീർക്കാനാണ് ഈ നീക്കം നടത്തുന്നത്.

ഏതാണ്ട് തൊണ്ണൂറു മില്യൺ യൂറോയുടെ കടം തീർക്കുന്നതിനു വേണ്ടിയാണ് സെവിയ്യ ശ്രമിക്കുന്നത്. അതിനാൽ ഓഫറുകൾ വരുന്ന ഏതു താരത്തെയും വിൽക്കാൻ ടീം തയ്യാറാകും. ക്ലബിന്റെ ഭാവിയായി കണക്കാക്കുന്ന യുവതാരങ്ങളോ, പരിചയസമ്പന്നരായ താരങ്ങളോ ആയാലും അവരെ വിൽക്കുന്നത് സെവിയ്യ പരിഗണിക്കും. ഇക്കാര്യം ക്ലബ് ഉടമ പരിശീലകനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലോകകപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്നവരുൾപ്പെടെ നിരവധി അർജന്റീന താരങ്ങൾ കളിക്കുന്ന ക്ലബാണ് സെവിയ്യ. അക്യൂന, പപ്പു ഗോമസ്, മോണ്ടിയാൽ എന്നിവർ ഇതിലുൾപ്പെടുന്നു. ഇതിനു പുറമെ ഒകാമ്പോസ്, ലമേലെ എന്നീ അർജന്റീന താരങ്ങളും ടീമിലുണ്ട്. ഇതിൽ ഒകാമ്പോസ് വിൽക്കാൻ സാധ്യതയുള്ള താരമാണ്. ഇതിനു പുറമെ എൽ നെസ്‌റി, യാസിൻ ബോണു എന്നിവരും പുറത്തു പോയേക്കാം.

Sevilla Put Entire Squad Is On The Market