ഗുർപ്രീത് ഇന്ത്യയുടെ കാവൽമാലാഖയായി, ലെബനനെ കീഴടക്കി ഇന്ത്യ ഫൈനലിൽ | India

സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ ലെബനനെതിരെ നടന്ന മത്സരത്തിൽ വിജയം നേടി ഇന്ത്യൻ ടീം. ആവേശകരമായ മത്സരം രണ്ടു ടീമുകളും കാഴ്‌ച വെച്ചെങ്കിലും ഗോളുകൾ അകന്നു നിന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലിൽ ഇന്ത്യ കുവൈറ്റിനെയാണ് നേരിടുന്നത്.

ആദ്യപകുതിയിൽ ഇന്ത്യ മുൻ‌തൂക്കം സ്ഥാപിക്കുകയും അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ മൂന്നോളം മികച്ച അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. അതിൽ തന്നെ സഹലിനു ലഭിച്ച അവസരവും പ്രീതം കൊട്ടാലിനു ലഭിച്ച ഹെഡർ അവസരവും എടുത്തു പറയേണ്ടതാണ്. ഇതുപോലെയുള്ള മത്സരങ്ങളിൽ അർധാവസരങ്ങൾ പോലും മുതലെടുക്കണമെന്ന വലിയ പാഠം ഇന്ത്യക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.

ആദ്യത്തെ മുപ്പതു മിനുട്ടോളം ലെബനനെ കൃത്യമായി തളച്ചിടാൻ ഇന്ത്യയുടെ ഹൈ പ്രെസിങ്ങിനു കഴിഞ്ഞുവെന്നത് ടീമിന്റെ പ്രകടനത്തിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്. സെറ്റ് പീസുകൾ വഴിയാണ് ലെബനൻ ഇന്ത്യൻ ഗോൾമുഖത്ത് ഭീഷണി ഉയർത്തിയത്. അതിൽ ആദ്യപകുതി അവസാനിക്കും തൊട്ടുമുൻപ് ലഭിച്ച അവസരം ഇന്ത്യൻ ഗോൾകീപ്പർ മനോഹരമായ സേവിലൂടെയാണ് ഇല്ലാതാക്കിയത്.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ലെബനന് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഇടവിട്ട് അവസരങ്ങൾ തുറന്നെടുക്കാൻ അവർക്ക് കഴിഞ്ഞെങ്കിലും ഇന്ത്യൻ പ്രതിരോധം അതിനെയെല്ലാം തടഞ്ഞു നിർത്തി. കളിയുടെ അവസാന സമയങ്ങളിൽ ഇന്ത്യക്ക് മത്സരം സ്വന്തമാക്കാനുള്ള ചാൻസുകൾ ലഭിച്ചെങ്കിലും അതൊന്നും ലക്‌ഷ്യം കണ്ടില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്കും നീണ്ടു.

എക്‌സ്ട്രാ ടൈമിൽ രണ്ടു ടീമുകളും വിജയത്തിനായി പൊരുതി. തുടക്കത്തിൽ ഇന്ത്യ നിരന്തരം അവസരങ്ങൾ ഒരുക്കിയെടുത്തപ്പോൾ പ്രത്യാക്രമണങ്ങൾ കൊണ്ട് ലെബനൻ ഭീതി വിതച്ചു. ഉദാന്ത സിംഗിന്റെ വ്യക്തിഗത മികവിലുണ്ടായ മുന്നേറ്റം അവിശ്വസനീയമായിരുന്നു. മൈതാനത്തിന്റെ ഭൂരിഭാഗം ദൂരവും ഒറ്റക്ക് താണ്ടിയ ഉദാന്തയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.

ഷൂട്ടൗട്ടിൽ ലെബനൻ എടുത്ത ആദ്യത്തെ കിക്ക് തന്നെ തടുത്തിട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യക്ക് പ്രതീക്ഷ നൽകി. അതിനു പുറമെ നാലാമത്തെ കിക്ക് പുറത്തേക്കടിച്ചു കളഞ്ഞ ലെബനൻ താരവും ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു. ഇന്ത്യക്ക് വേണ്ടി കിക്കെടുത്ത താരങ്ങളെല്ലാം അത് ഗോളാക്കി മാറ്റിയിരുന്നു.

India Beat Lebanon In SAFF Semi Final