ആ പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റി താരത്തിൽ നിന്നും തട്ടിയെടുത്തു, മെസിയുടെ നേട്ടത്തിനെതിരെ തിരിഞ്ഞ് ആരാധകർ | Messi

യൂറോപ്യൻ ഫുട്ബോൾ വിട്ട ലയണൽ മെസി അമേരിക്കൻ ലീഗിലെ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. ഈ മാസം തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ച് ടീമിനായി അരങ്ങേറ്റം നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. മെസി യൂറോപ്പ് വിട്ടതിൽ നിരാശയുണ്ടെങ്കിലും പുതിയ തട്ടകത്തിൽ താരത്തിന്റെ കളി കാണാൻ ഏവരും കാത്തിരിക്കുകയാണ്.

അതിനിടയിൽ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ അവാർഡിന് മെസിയാണ് അർഹനായത്. ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്കെതിരെ താരം നേടിയ മനോഹരമായ ഗോളാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ടീം ഗോളെന്ന നിലയിലും മികച്ച ഫിനിഷ് എന്ന നിലയിലും മെസിയുടെ ഗോൾ ഒന്നാന്തരമായിരുന്നു എങ്കിലും പല ആരാധകരും താരത്തിന് പുരസ്‌കാരം നൽകിയതിൽ അസംതൃപ്തരാണ്.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരവും ഫൈനലിലെ ഏറ്റവും മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ റോഡ്രി ബയേൺ മ്യൂണിക്കിനെതിരെ നേടിയ ഗോളാണ് പുരസ്‌കാരം അർഹിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. അതിനു പുറമെ ലയണൽ മെസിക്ക് പുരസ്‌കാരം നൽകിയത് പിആർ വർക്കിന്റെ ഭാഗമാണെന്നും അതിനേക്കാൾ മികച്ച ഗോളുകളുണ്ടെന്നും അവർ പറയുന്നു.

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജി പ്രീ ക്വാർട്ടർ വരെ മാത്രമാണ് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ അവർ ബയേൺ മ്യൂണിക്കിനോട് തോറ്റു പുറത്തു പോവുകയായിരുന്നു. അതേസമയം ചാമ്പ്യൻസ് ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച മെസി നാല് ഗോളും നാല് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. മെസി മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഈ അവാർഡ് താരമല്ല അർഹിക്കുന്നതെന്നാണ് ആരാധകരിൽ പലരും വ്യക്തമാക്കുന്നത്.

Fans Think Messi Dont Deserve UCL Goal Of The Season