പരിക്കിന്റെ പിടിയിൽ ടീമിലെ അഞ്ചു പ്രധാന താരങ്ങൾ, ലോകകപ്പ് അടുത്തിരിക്കെ ആശങ്കയോടെ അർജന്റീന

ഖത്തർ ലോകകപ്പിനായി ഇനി ഒരു മാസത്തിൽ കുറഞ്ഞ സമയം മാത്രം ബാക്കി നിൽക്കെ പ്രധാന താരങ്ങളുടെ പരിക്ക് അർജന്റീനക്ക് തിരിച്ചടിയാകുന്നു. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പരിക്കു മൂലം റൊമേരോ കളിക്കാതിരുന്നതോടെ നിലവിൽ അർജന്റീന ടീമിലെ അഞ്ചു താരങ്ങൾക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ മൂന്നു താരങ്ങളും ലയണൽ സ്‌കലോണിയുടെ ആദ്യ ഇലവനിൽ കളിക്കുന്നവരും രണ്ടു താരങ്ങൾ പകരക്കാരായി ഇടം പിടിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ താരങ്ങൾക്ക് ലോകകപ്പ് നഷ്‌ടമായാൽ അത് അർജന്റീനയുടെ പദ്ധതികളെ കാര്യമായി തന്നെ ബാധിക്കും.

നേരത്തെ തന്നെ അർജന്റീന മുന്നേറ്റനിര താരങ്ങളായ ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവർക്ക് പരിക്കു പറ്റിയിരുന്നു. ഇതിൽ ഏഞ്ചൽ ഡി മരിയ ലോകകപ്പിനു മുൻപ് പരിക്കിൽ നിന്നും മുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പൗളോ ഡിബാല ലോകകപ്പിനു മുൻപ് ടീമിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇവർക്കും ക്രിസ്റ്റ്യൻ റൊമേരോക്കും പുറമെ മധ്യനിര താരം ലിയാൻഡ്രോ പരഡെസ്, മുന്നേറ്റനിരതാരം നിക്കോ ഗോൺസാലസ് എന്നീ കളിക്കാരും പരിക്കിന്റെ പിടിയിലാണുള്ളത്.

യുവന്റസ് താരമായ പരഡെസിനു പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. താരം രണ്ടാഴ്‌ചയോളം പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകകപ്പിൽ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം സ്റ്റുട്ട്ഗർട്ട് താരമായ നിക്കോ ഗോൺസാലസ്, ടോട്ടനം താരമായ ക്രിസ്റ്റ്യൻ റൊമേരോ എന്നിവരുടെ പരിക്കിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഇരുവരുടെയും പരിക്കിന്റെ സ്ഥിതി ഗുരുതരമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തവണ ലോകകപ്പിനായി മികച്ച രീതിയിലാണ് അർജന്റീന തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. ലയണൽ സ്‌കലോണിയെന്ന പരിശീലകൻ വർഷങ്ങളുടെ പ്രയത്നം കൊണ്ട് പടുത്തെടുത്ത കെട്ടുറപ്പുള്ള ടീം അർജന്റീനക്കുണ്ട്. 2019ലെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനൽ മുതൽ അർജന്റീന പരാജയം അറിഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ ടീമിൽ നിന്നും ഏതെങ്കിലുമൊരു താരത്തെ നഷ്ടമാകുന്നത് ടീമിനെ ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.