ഇങ്ങിനെ കളിച്ചാൽ പോയിന്റുകൾ താനേ വരും, ബാഴ്‌സയുടെ വിജയത്തിൽ പ്രതികരിച്ച് സാവി

അത്‌ലറ്റിക് ബിൽബാവോക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ നേടിയ മികച്ച വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. മുൻ ബാഴ്‌സലോണ പരിശീലകൻ കൂടിയായ ഏർനെസ്റ്റോ വാൽവെർദെ മാനേജറായ അത്‌ലറ്റിക് ബിൽബാവോക്കെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് മത്സരത്തിൽ ബാഴ്‌സലോണ സ്വന്തമാക്കിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി ഒസ്മാനെ ഡെംബലെ താരമായ മത്സരത്തിൽ സെർജി റോബർട്ടോ, ലെവൻഡോസ്‌കി, ഫെറൻ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകൾ നേടിയത്.

മത്സരത്തിലെ വിജയം എന്നതിലുപരിയായി ബാഴ്‌സലോണയുടെ സമ്പൂർണമായ ആധിപത്യമാണ് ഉണ്ടായിരുന്നത്. അത്‌ലറ്റിക് ബിൽബാവോയെ അനങ്ങാൻ വിടാതെ ആക്രമിച്ചു കൊണ്ടിരുന്ന ബാഴ്‌സലോണ കൃത്യമായ അവസരങ്ങൾ ഉണ്ടാക്കുകയും അത് മുതലാക്കുകയും ചെയ്‌തു. നിരവധി താരങ്ങൾക്ക് പരിക്കേറ്റതിനെ തിരിച്ചടികൾ നേരിട്ട ബാഴ്‌സലോണ തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഈ മത്സരവും വ്യക്തമാക്കുന്നു. മത്സരത്തിനു ശേഷം അതിന്റെ സന്തോഷം സാവി പ്രകടിപ്പിക്കുകയും ചെയ്‌തു.

“ഞങ്ങൾ മത്സരത്തെ മികച്ച രീതിയിൽ മനസിലാക്കി. ഉയർന്ന തലത്തിൽ വളരെ തീവ്രമായ ഒരു മത്സരമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. അവർ നല്ല പ്രെസ്സിങ് നടത്തുമെന്ന് അറിയാവുന്നതിനാൽ തന്നെ ഞങ്ങൾ മറ്റൊരു മിഡ്‌ഫീൽഡറെ കൂടി ഉൾപ്പെടുത്തി അവരെ മധ്യനിരയിൽ എണ്ണത്തിൽ കുറവാക്കി. അവരുടെ തീവ്രതയുള്ള കളിക്കൊപ്പം നിൽക്കാൻ ഞങ്ങൾക്കും കഴിഞ്ഞുവെന്നതാണ് പ്രധാനം. ഡെംബലെയും മികച്ചു നിന്ന്, താരമാണ് വ്യത്യാസം സൃഷ്‌ടിച്ചത്” സാവി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ക്യാമ്പ് ന്യൂവിൽ ആരാധകർ നൽകിയ പിന്തുണക്കും ബാഴ്‌സലോണ പരിശീലകൻ നന്ദി പറഞ്ഞു. “ക്യാമ്പ് ന്യൂ ഞങ്ങളുടെ കോട്ടയാണ്, ഇന്നത്തെ അന്തരീക്ഷവും വളരെ മികച്ചതായിരുന്നു. അതിന്റെ മുൻ‌തൂക്കം ഞങ്ങൾ മുതലാക്കുകയും ചെയ്‌തു. ഇതുപോലെ, ഇത്രയും തീവ്രതയോടെ കളിച്ചാൽ പോയിന്റുകൾ കയ്യിൽ ഭദ്രമായിരിക്കും. ഇതു തന്നെയാണ് മുന്നോട്ടു പോകാനുള്ള വഴി.” സാവി പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണ 11 മത്സരങ്ങളിൽ നിന്നും ഇരുപത്തിയെട്ടു പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിയൊന്നു പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ലാ ലീഗയിൽ ബാഴ്‌സയുടെ പ്രകടനം മികച്ചതാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവർ ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന കാര്യം സംശയമാണ്. ഇന്റർ മിലാൻ ഇനിയുള്ള രണ്ടു മത്സരങ്ങളിലും പോയിന്റ് നഷ്‌ടമാക്കിയാലേ അത് സാധ്യമാകൂ.