ഇന്റർനാഷണൽ ബ്രേക്ക് ബാഴ്സക്കു തലവേദനയാകുന്നു, രണ്ടു താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ
ക്ലബ് ഫുട്ബോൾ മത്സരങ്ങളുടെ ഇടവേളയിലുള്ള ഇന്റർനാഷണൽ ബ്രേക്ക് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന ഒന്നാണ്. ഗൗരവമുള്ള മത്സരങ്ങൾ നടക്കാത്ത ഇന്റർനാഷണൽ ബ്രേക്കിനിടെ താരങ്ങൾക്ക് പരിക്കേൽക്കുന്നതും അവർക്ക് പ്രധാന മത്സരങ്ങൾ നഷ്ടമാകുന്നതുമെല്ലാം സാധാരണമായ കാര്യങ്ങളാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇക്കാര്യത്തിൽ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ടീം ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചു തുടങ്ങിയ ബാഴ്സലോണയാണ്.
രാജ്യാന്തര മത്സരങ്ങളുടെ ഭാഗമായി ഇതുവരെ നാല് ബാഴ്സലോണ താരങ്ങൾക്കാണ് പരിക്കു പറ്റിയിരിക്കുന്നത്. നേരത്തെ യുറുഗ്വായുടെ പ്രതിരോധതാരമായ റൊണാൾഡ് അറഹോക്കും ഫ്രാൻസിന്റെ പ്രതിരോധതാരമായ ജൂൾസ് കൂണ്ടേക്കും പരിക്കു പറ്റിയിരുന്നു. ഇതിൽ റൊണാൾഡ് അറഹോക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ലോകകപ്പ് ഉൾപ്പെടെ നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. കൂണ്ടേക്കും ഏതാനും മത്സരങ്ങൾ ബാഴ്സലോണക്കൊപ്പം കളിക്കാൻ കഴിയില്ല. ഇതിൽ എൽ ക്ലാസിക്കോ മത്സരവും ഉൾപ്പെടുന്നു.
പ്രതിരോധനിരയിൽ സ്ഥിരസാന്നിധ്യമായ ഈ രണ്ടു താരങ്ങളുടെ പരിക്കിന്റെ തിരിച്ചടിക്കു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നെതർലാൻഡ്സ് താരങ്ങളായ ഫ്രങ്കീ ഡി ജോംഗ്, മെംഫിസ് ഡീപേയ് എന്നിവർക്കും പരിക്കു പറ്റിയെന്ന് ബാഴ്സലോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഡി ജോങിന്റെ പരിക്ക് ഗുരുതരമല്ല. ഒരാഴ്ച താരത്തിന് പുറത്തിരിക്കേണ്ടി വരും. അതേസമയം മെംഫിസ് ഡീപേയ്ക്ക് ഒരു മാസത്തോളം പരിക്കു മൂലം കളിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
❗ COMUNICADO MÉDICO@DeJongFrenkie21 tiene una elongación en el semitendinoso del muslo izquierdo.@Memphis tiene una lesión en el bíceps femoral del muslo izquierdo.
— FC Barcelona (@FCBarcelona_es) September 26, 2022
🔗 MÁS INFORMACIÓN: https://t.co/EhHnNuf8wN pic.twitter.com/Ee2JdrTwkN
പരിക്കേറ്റ നാല് താരങ്ങളിൽ മൂന്നു പേരും ബാഴ്സലോണ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ കളിക്കാരാണെന്നത് സാവിക്ക് വലിയ തലവേദനയാണ് സമ്മാനിക്കുന്നത്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുക പ്രതിരോധത്തിൽ ആയിരിക്കും. അറഹോ, കൂണ്ടെ എന്നീ താരങ്ങൾക്ക് സെൻട്രൽ ഡിഫൻസ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുമെന്നിരിക്കെ രണ്ടു താരങ്ങളും പുറത്തിരിക്കുന്നത് ബാഴ്സലോണയുടെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്.
ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് തോൽവി വഴങ്ങിയിരിക്കുന്നത്. ലോകകപ്പിനു മുൻപ് ഇന്റർ മിലാനെതിരെയുള്ള രണ്ടു മത്സരങ്ങൾ, എൽ ക്ലാസിക്കോ, ബയേണിനെതിരെയുള്ള മത്സരം എന്നിവയെല്ലാം ബാക്കിയുള്ളതിനാൽ ഗുരുതരമായി പരിക്കേറ്റ താരങ്ങളുടെ അഭാവം ബാഴ്സയെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം.