ജോർദി ആൽബയടക്കം നാല് താരങ്ങൾ ബാഴ്‌സലോണ വിടാനൊരുങ്ങുന്നു

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസമായ ഇന്ന് നാല് ബാഴ്‌സലോണ താരങ്ങൾ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. ക്ലബിന്റെ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ ജോർദി ആൽബ, കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ പിയറി എമറിക്ക് ഒബാമയാങ്, അമേരിക്കൻ റൈറ്റ് ബാക്കായ സെർജിയോ ഡെസ്റ്റ്, മുന്നേറ്റനിര താരമായ മാർട്ടിൻ ബ്രൈത്ത്വൈറ്റ് എന്നിവരാണ് ട്രാൻസ്‌ഫർ ഡെഡ്‌ലൈൻ ഡേയിൽ ബാഴ്‌സലോണയിൽ നിന്നും പുറത്തു പോകാൻ തയ്യാറെടുക്കുന്നത്.

നിരവധി വർഷങ്ങളായി ടീമിലെ പ്രധാന താരാമാണെങ്കിലും ജോർഡി ആൽബയിൽ സാവിക്ക് പരിപൂർണമായ വിശ്വാസമില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. തിയറി എൻറിക്കും ജെറാർഡ് റൊമേരോയും വെളിപ്പെടുത്തുന്നതു പ്രകാരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്കാണ് ആൽബ ചേക്കേറാൻ സാധ്യതയുള്ളത്. ലോൺ കരാറിലായിരിക്കും സ്‌പാനിഷ്‌ താരം ക്ലബ് വിടുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ അറുപതു ശതമാനം ശമ്പളവും ബാഴ്‌സ തന്നെ നൽകുമെങ്കിലും ആൽബക്ക് ക്ലബ് വിടാൻ താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്ലബ് വിടാനൊരുങ്ങുന്ന മറ്റൊരു താരം ഗാബോൺ സ്‌ട്രൈക്കറായ പിയറി എമറിക്ക് ഒബാമയങ്ങാണ്. കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ താരം ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും ലെവൻഡോസ്‌കി വന്നതോടെ അവസരങ്ങൾ തീർത്തും പരിമിതമായി തീർന്നിട്ടുണ്ട്. ചെൽസിയിലേക്കാണ് താരം ചേക്കേറാൻ സാധ്യത. മുപ്പത്തിമൂന്നു വയസുള്ള താരത്തിനു വേണ്ടി പത്തു മില്യൺ യൂറോയും ലെഫ്റ്റ് ബാക്കായ മാർക്കോസ് അലോൻസോയേയും ചെൽസി നൽകാൻ ഒരുക്കമാണെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു.

നേരത്തെ തന്നെ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന അമേരിക്ക റൈറ്റ് ബാക്കായ സെർജിനോ ഡെസ്റ്റും ഡെഡ്‌ലൈൻ ഡേയിൽ ബാഴ്‌സലോണയിൽ നിന്നും പുറത്തു പോകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ എന്നീ ക്ലബുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന യുവതാരം ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് ചേക്കേറാനുള്ള സാധ്യത ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഇരുപതു മില്യൺ യൂറോയാണ് താരത്തിനായി ബാഴ്‌സലോണ പ്രതീക്ഷിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു.

ഇതിനു പുറമെ മറ്റൊരു മുന്നേറ്റനിര താരമായ മാർട്ടിൻ ബ്രൈത്ത്വൈറ്റ് ബാഴ്‌സലോണ കരാർ റദ്ദാക്കാൻ ഒരുങ്ങുകയാണെന്ന് ജെറാർഡ് റോമെറോ വെളിപ്പെടുത്തി. ഡാനിഷ് താരത്തിന് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ ബാഴ്‌സലോണ സമയം നൽകിയെങ്കിലും ക്ലബ് വിടില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ബാഴ്‌സയിൽ തുടർന്നാൽ അവസരങ്ങൾ ലഭിക്കാതിരുന്നത് ലോകകപ്പ് സാധ്യതകളെ ബാധിക്കും എന്നതു കൊണ്ടാണ് അവസാന ദിവസത്തിൽ കരാർ റദ്ദാക്കി ഫ്രീ ഏജന്റായി മറ്റു ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ താരം പരിഗണിക്കുന്നത്.

ഒരു ദിവസം ഇത്രയധികം താരങ്ങൾ ക്ലബ് വിടുമ്പോൾ മറ്റേതെങ്കിലും താരം ക്ലബ്ബിലേക്ക് വരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെൽസിയിൽ നിന്നും മാർക്കോസ് അലോൺസോ ടീമിലെത്താനുള്ള സാധ്യത മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ ടീമിന് കെട്ടുറപ്പ് ലഭിക്കുന്നതിനു വേണ്ടി ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് മറ്റേതെങ്കിലും താരത്തെ ബാഴ്‌സലോണ സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.