സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ, മെസിയുടെയും റൊണാൾഡോയുടെയും റെക്കോർഡ് മറികടന്ന് നെയ്‌മർ

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർക്ക് കഴിഞ്ഞിട്ടില്ല. പരിക്കും മറ്റു പ്രശ്‌നങ്ങളും താരത്തിൽ പലർക്കും അസ്വാരസ്യമുണ്ടാകാനും വഴിയൊരുക്കിയിരുന്നു. ഇതേത്തുടർന്ന് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്മറെ വിൽക്കാൻ പിഎസ്‌ജി നേതൃത്വം ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ ആരംഭിച്ചതിനു ശേഷം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നെയ്‌മർ കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ നേടി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയിട്ടുണ്ട്.

ഇന്നലെ ഫ്രഞ്ച് ലീഗിൽ ടൂളൂസിനെതിരെ നടന്ന മത്സരത്തിൽ പിഎസ്‌ജിയുടെ ആദ്യത്തെ ഗോൾ നെയ്‌മറാണ് നേടിയത്. ലയണൽ മെസിയുടെ അസിസ്റ്റിൽ നെയ്‌മർ വല കുലുക്കിയപ്പോൾ പിഎസ്‌ജിക്കു വേണ്ടി ഈ സീസണിൽ ഇറങ്ങിയ ആറു മത്സരങ്ങളിലും നെയ്‌മർക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും ആറ്‌ അസിസ്റ്റുകളുമാണ് നെയ്‌മറുടെ സമ്പാദ്യം. നിലാസിൽ ലീഗിലെ ടോപ് സ്കോറർ, ടോപ്പ് അസിസ്റ്റ് പട്ടികയിലും നെയ്‌മർ മുന്നിൽ നിൽക്കുന്നു. ഇന്നലത്തെ ഗോളോടെ ഒരു റെക്കോർഡും താരത്തെ തേടിയെത്തിയിട്ടുണ്ട്.

ക്ലബിനും ദേശീയ ടീമിനുമായി തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങളിൽ ഗോൾ അല്ലെങ്കിൽ അസിസ്റ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് നെയ്‌മർ സ്വന്തം പേരിൽ കുറിച്ചത്. നിലവിൽ പതിനാറു മത്സരങ്ങളിൽ തുടർച്ചയായി ഗോളോ അസിസ്റ്റോ ബ്രസീലിയൻ താരം നൽകിയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കു വേണ്ടി കളിച്ച മത്സരങ്ങൾക്കു പുറമെ സൗത്ത് കൊറിയ, ജപ്പാൻ എന്നിവർക്കെതിരെ ബ്രസീലിനൊപ്പം കളിച്ച സൗഹൃദ മത്സരങ്ങളും ഉൾപ്പെടുന്നു. തുടർച്ചയായി പതിനഞ്ചു മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നൽകിയിട്ടുള്ള സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ റെക്കോർഡാണ് നെയ്‌മർ പിന്നിലാക്കിയത്.

ഈ സീസണിൽ നെയ്‌മർ നടത്തുന്ന പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണെന്നതിൽ യാതൊരു സംശയവുമില്ല. ഇതേ ഫോം നിലനിർത്താൻ കഴിഞ്ഞാൽ പിഎസ്‌ജിക്കൊപ്പം ഈ സീസണിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ താരത്തിന് കഴിയും. അതിനു പുറമെ ലോകകപ്പ് അടുത്തിരിക്കെ ബ്രസീൽ ആരാധകർക്കും നെയ്‌മറുടെ പ്രകടനം വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. നിലവിലെ ഫോം നിലനിർത്തി പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗോ, ബ്രസീലിനൊപ്പം ലോകകപ്പോ നേടാൻ കഴിഞ്ഞാൽ അടുത്ത തവണ ബാലൺ ഡി ഓർ പുരസ്‌കാരവും നെയ്‌മർക്ക് സ്വന്തമാക്കാൻ കഴിയും.