ആ തീരുമാനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്, ജംഷഡ്‌പൂരിനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഫ്രാങ്ക് ഡോവൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് അഡ്രിയാൻ ലൂണ നേടിയ ഗോളിൽ വീഴ്ത്തിയിരുന്നു. സീസണിലെ ആദ്യത്തെ രണ്ടു മത്സരവും സ്വന്തം മൈതാനത്ത് നടന്നപ്പോൾ അതിൽ രണ്ടെണ്ണത്തിലും വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടി സീസൺ ആരംഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നലത്തെ വിജയത്തിന്.

മത്സരത്തിന്റെ ആദ്യപകുതി വളരെയധികം വിരസമായിരുന്നു. രണ്ടു ടീമുകളും ഉൾവലിഞ്ഞു കളിച്ചപ്പോൾ അവസരങ്ങളൊന്നും കാര്യമായി ഉണ്ടായില്ല. ആദ്യപകുതിക്ക് ശേഷം ആരാധകരെല്ലാം നിരാശരായിരുന്നു. വിരസമായ സമനിലയിലേക്കോ തോൽവിയിലേക്കോ ആണ് പോകുന്നതെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ടീമുകളും ആക്രമണങ്ങൾ നടത്തി. ലഭിച്ച അവസരങ്ങളിലൊന്ന് കൃത്യമായി മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയും ചെയ്‌തു.

മത്സരത്തിന് ശേഷം കളിയിലെ ഗതി മാറ്റിയ തീരുമാനത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഫ്രാങ്ക് ദൊവാൻ വെളിപ്പെടുത്തുകയുണ്ടായി. ഇവാൻ വുകോമനോവിച്ചിന് പരിക്ക് പറ്റിയതിനാൽ ദോവനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നത്. ടീമിനെ നയിക്കാൻ തനിക്ക് ലഭിച്ച അവസരത്തിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നലത്തെ മത്സരത്തിൽ താൻ പുറത്തെടുത്ത പ്രധാന തന്ത്രത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി.

“ആദ്യപകുതിയിൽ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ നടത്തിയ മാറ്റങ്ങൾ – ദിമിത്രിയോസിനെയും വിബിൻ മോഹനെയും കളത്തിലിറക്കിയത് – ഞങ്ങൾക്ക് പന്തിൻമേലുള്ള നിയന്ത്രണം വർധിക്കാൻ കാരണമായി. അതിനു ശേഷം ഞങ്ങൾ ലൂനയിലൂടെ ഒരു മനോഹര ഗോൾ നേടി. ആദ്യത്തെ ജോലി ഞങ്ങൾ ചെയ്‌തു, മത്സരത്തിൽ ഒരു ഗോളിന്റെ വിജയവും സ്വന്തമാക്കി. അക്കാര്യത്തിൽ വളരെയധികം സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.

ആദ്യത്തെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്ത് വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എവേ മൈതാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ ടീമുകളിൽ ഒന്നായ മുംബൈ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഒക്ടോബർ എട്ടിന് നടക്കുന്ന മത്സരം വളരെ കടുപ്പമേറിയ ഒന്നാകുമെങ്കിലും അതിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ സീസണിൽ വലിയൊരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടാകും.

Frank Dauwen On Kerala Blasters Win Against Jamshedpur FC