ചാമ്പ്യൻസ് ലീഗ് എവിടെയായാലും റൊണാൾഡോ തന്നെ കിംഗ്, ആദ്യഗോളും ടീമിനു വിജയവും സ്വന്തമാക്കി നൽകി താരം | Ronaldo

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 141 ഗോളുകൾ റൊണാൾഡോ നേടിയിട്ടുള്ളപ്പോൾ സമകാലീനനായ ലയണൽ മെസി 129 ഗോളുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. റൊണാൾഡോ യൂറോപ്പ് വിട്ടെങ്കിലും തന്റെ താരത്തിന്റെ ഈ റെക്കോർഡ് തകർക്കാൻ ഒരുപാട് കാലമെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അപ്പോഴേക്കും അടുത്ത ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് റൊണാൾഡോ.

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നേരത്തെ കളിച്ചിരുന്നെങ്കിലും ഗോളൊന്നും നേടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ യൂറോപ്പിലെ ചാമ്പ്യൻസ് ലീഗ് കിംഗ് ഏഷ്യയിലും തന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ടാജികിസ്ഥാനിൽ നിന്നുള്ള ക്ലബായ എഫ്‌സി ഇസ്റ്റിക്കിലൊലിനെതിരെയാണ് റൊണാൾഡോ ഗോൾനേട്ടം കുറിച്ചത്.

മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് റൊണാൾഡോ നേടിയത്. സഹതാരം നൽകിയ പന്ത് ബോക്‌സിൽ സ്വീകരിച്ച താരം ഷോട്ട് ഉതിർത്തെങ്കിലും അത് എതിർടീമിന്റെ ഡിഫൻഡർ ബ്ലോക്ക് ചെയ്യുന്നതിൽ വിജയിക്കും. എന്നാൽ അതിനു ശേഷം ആ പന്ത് നേരെ റൊണാൾഡോക്ക് തന്നെയാണ് ലഭിക്കുക. പന്ത് കാലിലൊതുക്കിയ താരം ഒരു ചിപ്പിങ്ങിലൂടെ ഗോൾകീപ്പറെ കീഴടക്കി പന്ത് വലയിലേക്ക് എത്തിച്ചാണ് ഏഷ്യയിൽ തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ കുറിച്ചത്.

മത്സരത്തിൽ അൽ നസ്ർ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്‌റിന്റെ വിജയമുണ്ടായത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ടാജികിസ്ഥാൻ ക്ലബ് മുന്നിലെത്തിയതിനു ശേഷം രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. അതിനു ശേഷം ബ്രസീലിയൻ താരമായ ആൻഡേഴ്‌സൺ ടാലിസ്‌ക നേടിയ രണ്ടു ഗോളുകളിൽ അൽ നസ്ർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിലെ രണ്ടാമത്തെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതിനു മുൻപ് ഇറാനിയൻ ക്ലബായ പേഴ്‌സപോളിസിനെതിരെ നടന്ന മത്സരത്തിലാണ് അൽ നസ്ർ വിജയം നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ടീമിന്റെ ജയം. ഇതോടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ർ. ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന അൽ നസ്ർ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമാണ്. റൊണാൾഡോയുടെ സാന്നിധ്യം അവർക്ക് കൂടുതൽ കരുത്ത് നൽകുന്നു.

Ronaldo Scored His First AFC Champions League Goal