ഇവാനാശാനെക്കാൾ വലിയ തന്ത്രങ്ങളുമായി ശിഷ്യൻ, ഫ്രാങ്ക് ദോവനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര ഫോമിൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ മൈതാനത്തിനരികിൽ കളി നിയന്ത്രിക്കാൻ ആരാധകരുടെ സ്വന്തം ഇവാൻ വുകോമനോവിച്ച് ഇല്ലായിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരം മുഴുവനാക്കാതെ ടീം കളിക്കളം വിട്ടതിനു ലഭിച്ച വിലക്കാണ് ഇവാന് തിരിച്ചടിയായത്. ഇവാന്റെ അഭാവത്തെ ടീം എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീമിനെ മൈതാനത്ത് നയിക്കുന്ന സഹപരിശീലകനായ ഫ്രാങ്ക് ദോവൻ തന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അദ്ദേഹത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെതിരെ വിജയിച്ച ടീം കഴിഞ്ഞ മത്സരത്തിൽ ജംഷഡ്‌പൂരിന്റെ കടുത്ത പ്രതിരോധത്തെയും മറികടന്നു.

പുതിയ സീസണിലേക്കുള്ള ടീമിനെ ഒരുക്കുന്നതിനു പുറമെ മത്സരങ്ങളുടെ ഫോർമേഷൻ തീരുമാനിക്കുന്നതിലും ഇവാൻ വുകോമനോവിച്ചിന്റെ ഇടപെടലുകൾ ഉണ്ടാകുമെങ്കിലും കളിക്കളത്തിലെ തീരുമാനങ്ങൾ എടുക്കുക സഹപരിശീലകൻ ഫ്രാങ്ക് ദോവനാണ്. ടീമിന് വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിനുള്ള മികവ് ഈ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹം മത്സരത്തിനിടെ എടുത്ത തീരുമാനങ്ങൾ നിർണായകമായിരുന്നു.

ബെംഗളൂരുവിനെതിരായ മത്സരത്തിൽ ലീഡ് നേടിയതിനു ശേഷം അതിനെ കൃത്യമായി പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജംഷഡ്‌പൂരിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം നടത്തിയ സബ്സ്റ്റിറ്റിയൂഷൻ ലൂണയുടെ ഗോൾ പിറക്കുന്നതിൽ നിർണായകമായിരുന്നു. പെപ്രക്ക് പകരം ദിമിയെയും ഡാനിഷ് ഫാറൂഖിന് പകരം വിപിൻ മോഹനനെയും ഇറക്കിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആക്രമണങ്ങൾക്ക് വേഗം കൂടിയതും ഗോൾ പിറന്നതും.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ താരങ്ങളുടെ റിക്രൂട്ട്മെന്റ് കൃത്യമായി പൂർത്തിയാക്കാതെ ഇറങ്ങിയ ഡ്യൂറന്റ് കപ്പിൽ ടീം മോശം പ്രകടനം നടത്തിയതൊഴിച്ചാൽ ഈ സീസണിൽ ഇതുവരെ സഹപരിശീലകനായ ഫ്രാങ്ക് ദോവനു കീഴിൽ മികച്ച കളിയാണ് ടീം കാഴ്‌ച വെക്കുന്നത്. ഇനി മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം തന്റെ മികവ് ഒന്നുകൂടി പ്രദർശിപ്പിക്കാൻ അദ്ദേഹത്തിനുള്ള അവസരമാണ്. എന്തായാലും ഇവാൻ ഏതെങ്കിലും സാഹചര്യത്തിൽ ക്ലബ് വിടുകയാണെങ്കിൽ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വരില്ല.

Frank Douwen Tactics Working Well In Kerala Blasters