“പതിനൊന്നു താരങ്ങളല്ല, പതിനൊന്നു സഹോദരങ്ങളാണ് മൈതാനത്തു കളിക്കുന്നത്”- ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ പ്രതികരിച്ച് അയ്‌മൻ | Aimen

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലെ വിജയം ചരിത്രനേട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കി നൽകിയത്. ഐഎസ്എൽ പത്താമത്തെ സീസണിലേക്ക് കടന്ന ഇത്തവണയാണ് സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ടീം വിജയം സ്വന്തമാക്കുന്നത്. ആദ്യപകുതിയിൽ രണ്ടു ടീമുകളും പിൻവലിഞ്ഞു കളിച്ചപ്പോൾ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാവുകയും അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയും ചെയ്‌തു.

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെയും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ചുവടുറപ്പിക്കുന്ന ലക്ഷദ്വീപ് താരമായ മുഹമ്മദ് അയ്‌മനു കഴിഞ്ഞിരുന്നു. വിങ്ങുകളിലൂടെ താരം നടത്തുന്ന നീക്കങ്ങൾ പലപ്പോഴും ജംഷഡ്‌പൂർ പ്രതിരോധത്തിന്റെ താളം തെറ്റിക്കുന്നതായിരുന്നു. മത്സരത്തിൽ ഒരു സുവർണാവസരം അയ്‌മനു ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. മത്സരത്തിനു ശേഷം ടീമിനെക്കുറിച്ചും മറ്റും ഇരുപതുകാരനായ താരം സംസാരിക്കുകയുണ്ടായി.

“രണ്ടാമത്തെ മത്സരവും വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ടീമിലുള്ളവർ ആത്മവിശ്വാസത്തിലാണ്. സ്വന്തം മൈതാനത്താണ് മത്സരം നടന്നതെന്നത് ടീമിന് കൂടുതൽ പ്രചോദനം നൽകി, ആരാധകർ വലിയ പിന്തുണയാണ് ടീമിന് നൽകിയത്, അത് കൂടുതൽ കരുത്തോടെ കളിക്കാൻ പ്രേരിപ്പിച്ചു. രണ്ടു മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് നേടി നമ്മൾ ഒന്നാമതോ രണ്ടാമതോ ആണ് നിൽക്കുന്നത്. മുംബൈ സിറ്റിക്കെതിരായ അടുത്ത മത്സരത്തിന് ഇത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും.” താരം പറഞ്ഞു.

“ആദ്യം മുതൽ അവസാനം വരെ ബ്ലാസ്റ്റേഴ്‌സ് ടീം ഒറ്റക്കെട്ടായാണ് കളിച്ചത്. ഞങ്ങളുടെ ടീമിലുള്ളത് പതിനൊന്നു സഹോദരങ്ങളാണുള്ളത്, അങ്ങോട്ടും ഇങ്ങോട്ടും വലിയ പിന്തുണ അവർ നൽകുന്നു. ടീമിന്റെ പ്രകടനത്തിൽ വളരെയധികം സന്തോഷവും എല്ലാവർക്കും അഭിമാനവുമുണ്ട്. ആദ്യത്തെ മിനുട്ട് മുതൽ അവസാനം വരെ എല്ലാവരും കഠിനമായി അധ്വാനിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആദ്യമായാണ് സീസണിലെ ആദ്യത്തെ രണ്ടു മത്സരം വിജയിക്കുന്നത് എന്നറിയുമ്പോൾ കൂടുതൽ സന്തോഷമുണ്ട്.” അയ്‌മൻ വ്യക്തമാക്കി.

വെറും ഇരുപതു വയസ് മാത്രമേയുള്ളൂവെങ്കിലും അയ്‌മൻ ഈ സീസണിൽ നടത്തുന്ന പ്രകടനം താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ്. വിങ്ങുകളിലൂടെ ഡ്രിബ്ലിൾ ചെയ്‌തു മുന്നേറാനും അസാധ്യമായ രീതിയിൽ പാസുകൾ നൽകാനും താരത്തിന് കഴിയുന്നു. അപ്രതീക്ഷിതമായ സ്‌കില്ലുകൾ പരീക്ഷിച്ചു നോക്കാനും അതിൽ വിജയം നേടാനും കഴിയുന്ന താരം കൂടുതൽ മെച്ചപ്പെടുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാകുമെന്നതിൽ സംശയമില്ല.

Aimen On Kerala Blasters Win Against JFC